കാല്‍ഗറി: പെണ്‍കുട്ടികളുടെ കായിക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തി കല്‍ഗറി സ്‌കൂള്‍ ബോര്‍ഡുകള്‍. ഈ വര്‍ഷം മുതല്‍, കല്‍ഗറി ബോര്‍ഡ് ഓഫ് എഡ്യൂക്കേഷനും (CBE) കല്‍ഗറി കത്തോലിക് സ്‌കൂള്‍ ഡിസ്ട്രിക്ടും (CCSD) പെണ്‍കുട്ടികളുടെ ടീമുകളില്‍ ചേരുന്ന വിദ്യാര്‍ത്ഥിനികള്‍, അവരുടെ ജനനരേഖകളില്‍ പെണ്‍കുട്ടിയായി രേഖപ്പെടുത്തിയവരാണെന്ന് സാക്ഷ്യപ്പെടുത്തുന്ന ഫോം പൂരിപ്പിച്ച് നല്‍കണം.
സെപ്റ്റംബര്‍ 1-ന് പ്രാബല്യത്തില്‍ വന്ന ആല്‍ബട്ടയുടെ ‘ഫെയര്‍നെസ് ആന്റ് സേഫ്റ്റി ഇന്‍ സ്‌പോര്‍ട് ആക്ട്’ നിയമം അനുസരിച്ചാണ് ഈ നീക്കം. ട്രാന്‍സ്‌ജെന്‍ഡര്‍ കായിക താരങ്ങളെ വനിതാ അമച്വര്‍ സ്‌പോര്‍ട്‌സ് വിഭാഗങ്ങളില്‍ മത്സരിക്കുന്നതില്‍ നിന്ന് പുതിയ നിയമം വിലക്കുന്നുണ്ട്.

പുതിയ നിയമം അനുസരിച്ച്, 12നും 18നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളുടെ രക്ഷിതാക്കളോ രക്ഷാകര്‍തൃത്വം വഹിക്കുന്നവരോ ടീമില്‍ ചേരുന്നതിന് മുന്‍പ് അവരുടെ കുട്ടിക്ക് ടീമില്‍ ചേരാന്‍ യോഗ്യതയുണ്ടെന്ന് ഉറപ്പാക്കണമെന്ന് CBE അറിയിച്ചു. കുട്ടിയുടെ ജനനരേഖകളില്‍ ലിംഗം ‘പെണ്‍’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നും രക്ഷിതാക്കള്‍ സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്. ഈ സാക്ഷ്യപ്പെടുത്തല്‍ നല്‍കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ടീമില്‍ പങ്കെടുക്കാന്‍ കഴിയില്ല.