ഷാങ്ഹായ്: ട്രംപ് ഭരണകൂടം ഇന്ത്യയ്ക്കും ചൈനയ്ക്കും എതിരെ ഏര്‍പ്പെടുത്തിയ താരിഫുകളെയും ഉപരോധങ്ങളെയും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ അപലപിച്ചു. ഇന്ത്യയോടും ചൈനയോടും ഭീഷണിയുടെ സ്വരത്തില്‍ സംസാരിക്കുന്നത് അവസാനിപ്പിക്കണമെന്ന് പുടിന്‍ അമേരിക്കയോട് ആവശ്യപ്പെട്ടു. ഈ രാജ്യങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമമാണ് സാമ്പത്തിക ഉപരോധങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഷാങ്ഹായ് ഉച്ചകോടിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് പുടിന്‍ നിലപാട് വ്യക്തമാക്കിയത്.
ഇന്ത്യയും ചൈനയും റഷ്യയുടെ പങ്കാളികളാണെന്ന് വിശേഷിപ്പിച്ച പുടിന്‍, യുഎസ് താരിഫ് നയങ്ങളെ വിമര്‍ശിച്ചു. ഏകദേശം 1.5 ബില്യണ്‍ ജനസംഖ്യയുള്ള ഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്‍ക്ക് അവരുടെ സ്വന്തം രാഷ്ട്രീയ സംവിധാനങ്ങളും നിയമങ്ങളുമുണ്ട്. അതിനാല്‍, ആരെങ്കിലും ശിക്ഷിക്കാന്‍ പോകുന്നുവെന്ന് പറയുമ്പോള്‍ അത്തരം വലിയ രാജ്യങ്ങളിലെ നേതാക്കള്‍ എങ്ങനെ പ്രതികരിക്കുമെന്ന് ചിന്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടര്‍ന്നതിന് ഇന്ത്യക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്നും അദ്ദേഹം സൂചന നല്‍കി. ‘രണ്ടാഴ്ച മുമ്പ് ഞാന്‍ പറഞ്ഞിരുന്നു, ഇന്ത്യ എണ്ണ വാങ്ങിയാല്‍ അവര്‍ക്ക് വലിയ പ്രശ്‌നങ്ങളുണ്ടാകുമെന്ന്. അതാണ് ഇപ്പോള്‍ സംഭവിച്ചത്. ഇത് റഷ്യക്ക് കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമുണ്ടാക്കി,’ ട്രംപ് പറഞ്ഞു. രണ്ടാം ഘട്ടവും മൂന്നാം ഘട്ടവുമായുള്ള ഉപരോധങ്ങള്‍ ഇപ്പോഴും ആലോചനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാഷിങ്ടണിന്റെ നിലപാടുകള്‍ പഴയ കൊളോണിയല്‍ ചിന്താഗതിയുടെ പ്രതിഫലനമാണെന്ന് പുടിന്‍ ചൂണ്ടിക്കാട്ടി. ‘കൊളോണിയല്‍ കാലഘട്ടം അവസാനിച്ചു. പങ്കാളികളോട് സംസാരിക്കുമ്പോള്‍ ഭീഷണിയുടെ വാക്കുകള്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്ന് തിരിച്ചറിയണം’, പുടിന്‍ പറഞ്ഞു.