കൊച്ചി: കേരളത്തിലെ ആദ്യ വനിതാ ഫോറന്‍സിക് സര്‍ജനും പ്രശസ്ത മെഡിക്കോ-ലീഗല്‍ വിദഗ്ധയുമായിരുന്ന ഡോ. ഷേര്‍ലി വാസു അന്തരിച്ചു. 68 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തിക്കുകയായിരുന്നു.
കേരളത്തിലെ കോളിളക്കം സൃഷ്ടിച്ച അനേകം കേസുകള്‍ക്കു തുമ്പുണ്ടാക്കിയ ഫൊറന്‍സിക് സര്‍ജന്‍മാരില്‍ ഒരാളാണ് ഡോ. ഷേര്‍ളി വാസു. ചേകന്നൂര്‍ മൗലവി കേസ്, സൗമ്യ കേസ് അടക്കം സംസ്ഥാനത്തെ ശ്രദ്ധേയമായ പല കേസുകളിലും പോസ്‌മോര്‍ട്ടം നടത്തിയത് ഡോക്ടര്‍ ഷേര്‍ലി വാസുമായിരുന്നു.

കേരള പോലീസിന്റെ മെഡിക്കോ-ലീഗല്‍ ഉപദേഷ്ടാവ്, കേരള മെഡിക്കല്‍ കോളേജ് ഫോറന്‍സിക് മെഡിസിന്‍ വിഭാഗം മേധാവി എന്നിങ്ങനെ വിവിധ നിലകളില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ് ഡോ. ഷേര്‍ലി വാസു. 2017ല്‍ കേരള സര്‍ക്കാരിന്റെ സംസ്ഥാന വനിതാ രത്‌നം പുരസ്‌കാരമായ ജസ്റ്റിസ് ഫാത്തിമ ബീവി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഫൊറന്‍സിക് വിഭാഗം മേധാവിയായിരുന്ന ഡോ. ഷേര്‍ലി വാസു തൊടുപുഴ സ്വദേശിയാണ്. കോട്ടയം മെഡിക്കല്‍ കോളജില്‍ 79ലാണ് എംബിബിഎസ് പൂര്‍ത്തിയാക്കിയത്. കോഴിക്കോട് മെഡിക്കല്‍ കോളജിലായിരുന്നു ബിരുദാനന്തര ബിരുദ പഠനം. ഫൊറന്‍സിക് മെഡിസിന്‍ വിഭാഗത്തില്‍ 1981ല്‍ ഔദ്യോഗിക സേവനമാരംഭിച്ച ഡോ. ഷേര്‍ലി വാസു രണ്ടു വര്‍ഷം തൃശൂരിലും വകുപ്പു മേധാവിയായിരുന്നിട്ടുണ്ട്. ലോക ആരോഗ്യ സംഘടനയുടെ ഫെലോഷിപ്പോടുകൂടി ഉപരി പഠനത്തിനും 1995ല്‍ ഡോ. ഷേര്‍ലിക്ക് അവസരം ലഭിച്ചു. തന്റെ അനുഭവങ്ങള്‍ കോര്‍ത്തിണക്കി ‘പോസ്റ്റ്മോര്‍ട്ടം ടേബിള്‍’ എന്ന പുസ്തകവും ഡോ. ഷേര്‍ലി രചിച്ചിട്ടുണ്ട്.