ഓട്ടവ: കാനഡക്കാരുടെ ഒരു യുഗത്തെ നിർവചിച്ച ഇതിഹാസ ഗോൾടെൻഡർ കെൻ ഡ്രൈഡൻ അന്തരിച്ചു. 78 വയസ്സയിരുന്നു. കനേഡിയൻ മുൻ എംപി കൂടിയായ അദ്ദേഹം ദീർഘനാളായി കാൻസർ രോഗ ബാധിതനായിരുന്നു. ശനിയാഴ്ച പുലർച്ചെ അദ്ദേഹം നിര്യാതനായതായി കുടുംബം സ്ഥിരീകരിച്ചു. തന്റെ ഐതിഹാസിക ഹോക്കി കരിയറിനപ്പുറം, ഡ്രൈഡൻ ഒരു അഭിഭാഷകൻ, എഴുത്തുകാരൻ, രാഷ്ട്രീയക്കാരൻ, NHL എക്സിക്യൂട്ടീവ് എന്നീ നിലകളിൽ പ്രവർത്തിച്ചു. തന്റെ കരിയറിൽ കുതിച്ചുയരുമ്പോൾ തന്നെ, 30-കളുടെ തുടക്കത്തിൽ അദ്ദേഹം രാജ്യാന്തര ഹോക്കിയിൽ നിന്ന് വിരമിച്ചു.

ഹാൾ ഓഫ് ഫെയിം ഐക്കണായ ഡ്രൈഡൻ, ആറ് സ്റ്റാൻലി കപ്പ് വിജയങ്ങളുടെ പാരമ്പര്യവും 1972 ലെ കാനഡയുടെ സമ്മിറ്റ് സീരീസ് വിജയത്തിൽ നിർണായക പങ്കും വഹിച്ചിട്ടുണ്ട്. 1947 ഓഗസ്റ്റ് 8 ന് ഒന്റാരിയോ ഹാമിൽട്ടണിൽ ജനിച്ച ഡ്രൈഡൻ, മാതാപിതാക്കൾ, സഹോദരങ്ങൾ എന്നിവരോടൊപ്പം ടൊറന്റോയിലെ ഒരു പ്രദേശത്താണ് വളർന്നത്. 1971 ൽ എൻഎച്ച്‌എല്ലിൽ അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ് അദ്ദേഹം കോർണൽ യൂണിവേഴ്സിറ്റിയിൽ കോളേജ് ഹോക്കി ടീമിൽ കളിച്ചിരുന്നു. കൂടാതെ, 2004-ൽ അദ്ദേഹം പ്രധാനമന്ത്രി പോൾ മാർട്ടിന്റെ മന്ത്രിസഭയിൽ സാമൂഹിക വികസന മന്ത്രിയായി സേവനമനുഷ്ഠിച്ചു.