വൻകൂവർ: കാട്ടുതീ പടരുന്നതിനെ തുടര്‍ന്ന് ബ്രിട്ടീഷ് കൊളംബിയയിലെ അനഹിം ലേക്കില്‍ ഒഴിപ്പിക്കല്‍ ഉത്തരവ് പുറപ്പെടുവിച്ചു. വെള്ളിയാഴ്ച രാവിലെ ആറ് മണിക്ക് കാരിബൂ റീജിയണല്‍ ഡിസ്ട്രിക്ടും ഉല്‍കച്ചോ ഫസ്റ്റ് നേഷനും ചേര്‍ന്നാണ് ഒഴിപ്പിക്കല്‍ ഉത്തരവ് പുറത്തിറക്കിയത്. ബെല്ലാ കൂളയുടെ വടക്കും കിഴക്കുമായി ഹൈവേ 20-ന് സമീപം ആളുകള്‍ താമസിക്കുന്ന സ്ഥലങ്ങളിലേക്ക് കാട്ടുതീ പടര്‍ന്നതാണ് ആളുകളെ ഒഴിപ്പിക്കാന്‍ കാരണമായത്. 53 ചതുരശ്ര കിലോമീറ്ററില്‍ അധികം സ്ഥലത്തേക്ക് ഡസ്റ്റി ലേക്ക് കാട്ടുതീ വ്യാപിച്ചു. കൂടാതെ, ഹൈവേയുടെ വടക്കുഭാഗത്ത് 102 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന ബീഫ് ട്രയല്‍ ക്രീക്ക് കാട്ടുതീയും ഭീഷണി ഉയര്‍ത്തുന്നുണ്ട്.
വിദൂര ഗ്രാമങ്ങളില്‍ താമസിക്കുന്ന ആളുകളെ ഹൈവേ 20ലൂടെ 200 കിലോമീറ്റര്‍ കിഴക്ക് മാറി വില്യംസ് ലേക്കിലേക്ക് പോകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ വില്യംസ് ലേക്കിലെ കാരിബൂ മെമ്മോറിയല്‍ റിക്രിയേഷന്‍ കോംപ്ലക്‌സില്‍ അടിയന്തര സേവന കേന്ദ്രം തുറന്നിട്ടുണ്ട്. ‘ആളുകളെ സ്വീകരിക്കാന്‍ ഞങ്ങള്‍ പൂര്‍ണമായും സജ്ജരാണ്. അവര്‍ക്ക് ആവശ്യമായ സഹായം നല്‍കും. ആവശ്യമെങ്കില്‍ താമസസൗകര്യം ഒരുക്കി നല്‍കുകയും ചെയ്യും,’ റീജിയണല്‍ ഡിസ്ട്രിക്ടിലെ അടിയന്തര ഓപ്പറേഷന്‍ സെന്റര്‍ ഡയറക്ടറായ ഐറീന്‍ ഇസ്രയേല്‍ പറഞ്ഞു. ഒഴിപ്പിക്കപ്പെട്ടവര്‍ക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കില്‍ 1-866-759-4977 എന്ന നമ്പറില്‍ ബന്ധപ്പെടാം.

ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് വേഗത കൂട്ടാന്‍ റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് (ആര്‍.സി.എം.പി) ഉള്‍പ്പെടെയുള്ള സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. കാട്ടുതീ കാരണം ഹൈവേ 20-ല്‍ കാഴ്ച പരിമിതമാണ്, അതിനാല്‍ യാത്രാ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. അനഹിം ലേക്ക് കമ്മ്യൂണിറ്റിയിലെ ആളുകള്‍ക്ക് വലിയ പിന്തുണ നല്‍കാന്‍ വില്യംസ് ലേക്കിലെ ആളുകള്‍ തയ്യാറാണെന്ന് അധികൃതര്‍ അറിയിച്ചു.