ജറുസലം: ഗാസയിലെ ഏറ്റവും വലിയ നഗരമായ ഗാസ സിറ്റിയിലുള്ളവരോട് തെക്കൻ മേഖലയിലേക്ക് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട് ഇസ്രയേൽ സൈന്യം. ഗാസ സിറ്റി പിടിച്ചെടുക്കാൻ ഇസ്രയേൽ സൈന്യം കൂടുതൽ ആക്രമണങ്ങൾക്ക് തയാറെടുക്കുന്നതിന്റെ ഭാഗമായാണ് മുന്നറിയിപ്പ്. വടക്കൻ ഭാഗത്തുള്ളവർ തെക്കോട്ടുപോയി ഖാൻ യൂനിസിലേക്കു മാറണമെന്നാണ് നിർദേശം. ഭക്ഷണവും വൈദ്യസഹായവും താമസ സൗകര്യവും ഇവർക്ക് ലഭ്യമാക്കുമെന്ന് ഇസ്രയേൽ സൈനിക വക്‌താവ് അറിയിച്ചു. ഗാസ സിറ്റിയിൽ ഇപ്പോഴും ഹമാസ് ശക്തമാണെന്നാരോപിച്ചാണ് ഇവിടം പിടിച്ചെടുക്കാനുള്ള പടനീക്കം.

ഗാസ സിറ്റി പിടിക്കാൻ ഇസ്രയേൽ പടനീക്കം ശക്‌തമാക്കിയതോടെ ആയിരക്കണക്കിനു പലസ്തീൻ കുടുംബങ്ങൾ നഗരം വിട്ടു. ഗാസ സിറ്റിയിലെ റോഡുകളും കെട്ടിടങ്ങളും ഇടിച്ചുനിരത്തി ഇസ്രയേൽ ടാങ്കുകൾ കൂടുതൽ മേഖലകളിലേക്ക് ആക്രമണം വ്യാപിപ്പിച്ചു. സിറ്റിയുടെ കിഴക്ക് സെയ്തൂൺ, സബ്ര, ഷെജയ്യ എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഇസ്രയേൽ സൈന്യം കനത്ത ബോംബിങ്ങാണ് നടത്തിയത്. നിലവിൽ ഗാസയുടെ 80% പ്രദേശവും ഇസ്രയേൽ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.