Sunday, September 7, 2025

കള്ളപ്പണക്കാരായ പുഴുക്കുത്തുകളെ ലീഗ് പുറത്താക്കണം: K.T ജലീൽ

കള്ളപ്പണക്കാരായ പുഴുക്കുത്തുകളെ ലീഗ് പുറത്താക്കണം എന്ന്K.T ജലീൽ. അദ്ദേഹം നടത്തിയ പത്ര സമ്മേളനത്തിൻ്റെ പൂർണ്ണരൂപം ചുവടെ:

കേരളം പോലുള്ള ഒരു സംസ്ഥാനത്ത് പൊതുപ്രവർത്തകർ നിർബന്ധമായും പാലിക്കേണ്ട ചില കർത്തവ്യങ്ങളുണ്ട്. ആ ബാദ്ധ്യത UDF യുവജന രാഷ്ട്രീയ നേതാക്കൾ പൂർണ്ണമായും ലംഘിച്ചതിൻ്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്തു വരുന്നത്. യൂത്ത്കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ടിന് തൽസ്ഥാനം രാജിവെക്കേണ്ടി വന്നത് ഏതാനും ദിവസങ്ങൾക്കു മുമ്പാണ്. ജനങ്ങളുടെ അഭിമാനത്തിനും സ്വത്തിനും സംരക്ഷണം നൽകാൻ ഉത്തരവാദപ്പെട്ട UDF യുവനേതാക്കൾ അവ ചവിട്ടിമെതിക്കുന്നവരായി മാറുന്നത് അത്യന്തം അപകടകരമാണ്. UDF-ലെ ഘടക കക്ഷികളിൽ ശക്തി കൊണ്ട് രണ്ടാമത്തെ സംഘടനയാണ് മുസ്ലിം ലീഗ്. ലീഗിൻ്റെ യുവജന വിഭാഗമായ മുസ്ലിംയൂത്ത് ലീഗിൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിൻ്റെ ധനസമ്പാദനവും അതിശയിപ്പിക്കുന്ന സാമ്പത്തിക വളർച്ചയും പൊതുഫണ്ട് ദുർവിനിയോഗം ചെയ്തു കൊണ്ടാണെന്ന ആരോപണം ശക്തമായി ഉന്നയിക്കുന്നത് ലീഗു പ്രവർത്തകരാണ്. ഇത് നേതൃത്വം കാണാതെ പോകരുത്.

പ്രത്യക്ഷത്തിൽ ഒരു ജോലിയോ പരമ്പരാഗത സ്വത്തോ ഇല്ലാത്ത പി.കെ ഫിറോസ് ഇന്നൊരു ലക്ഷപ്രഭുവാണ്. ഒറ്റക്കും കൂട്ടായും പല കച്ചവട സംരഭങ്ങളിലും അദ്ദേഹം പങ്കാളിയാണ്. കോഴിക്കോട്ട് ടാഗോർ സെൻ്റിനറി ഹാളിനടുത്ത് സംസം ഹോട്ടലിനു മുകളിൽ പഴയ മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റി ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടം വാടകക്കെടുത്ത് ലക്ഷങ്ങൾ മുടക്കി പുനരുദ്ധരിച്ചാണ് തൻ്റെ “BlueFin” ട്രാവൽ ഏജൻസിയുടെ ഓഫീസ് അദ്ദേഹം ആരംഭിച്ചത്. കോടികൾ നിക്ഷേപം ആവശ്യമായ “BlueFin” വില്ലാ പ്രൊജക്ട് എന്ന മറ്റൊരു സംരഭവും ഫിറോസിൻ്റേതായി കോഴിക്കോട്ട് പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ പത്തിരുപത് വർഷങ്ങൾക്കിടയിൽ മുസ്ലിം ലീഗിൻ്റെ വിദ്യാർത്ഥി സംഘടനയായ MSF-ൻ്റെ സെക്രട്ടറിയും അദ്ധ്യക്ഷനും പിന്നീട് യൂത്ത്ലീഗിൻ്റെ ജനറൽ സെക്രട്ടറിയുമായാണ് ടിയാൻ “സേവനം” ചെയ്തിരുന്നത്. സംഘടനാ കാര്യങ്ങൾക്കായി നടത്തുന്ന പിരിവുകളിൽ വ്യാപകമായി കൃത്രിമം നടത്തിയാണ് പി.കെ ഫിറോസ് തൻ്റെ കച്ചവട സ്ഥാപനങ്ങൾക്ക് പണം കണ്ടെത്തിയത് എന്ന ആക്ഷേപം യൂത്തുലീഗുകാർക്കിടയിൽ വ്യാപകമാണ്.

MSF ഭാരവാഹിയായിരിക്കെയാണ് ലക്ഷങ്ങൾ വിലവരുന്ന 15 സെൻ്റ് സ്ഥലം കുന്നമംഗലം വില്ലേജിൽ 2011-ലാണ് വയനാട് റോഡിൽ പതിമംഗലത്ത് അദ്ദേഹം സ്വന്തമാക്കിയത്. ഒരു കോടിയിലധികം രൂപ ചെലവിട്ട് നിർമ്മിച്ച ആഢംബര വീടുണ്ടാക്കാനും ടിയാന് എവിടെ നിന്നാണ് പണം ലഭിച്ചത് എന്ന കാര്യം നാട്ടുകാർക്ക് പോലും ദുരൂഹമാണ്.

“Fortune House General Trading L.L.C” എന്ന പേരിൽ ദുബായിയിൽ പ്രവർത്തിക്കുന്ന കമ്പനിയിൽ പി.കെ ഫിറോസ് 21.03.2024 മുതൽ സെയ്ൽസ് മാനേജരായി പ്രവർത്തിക്കുന്നു എന്നതിൻ്റെ രേഖകൾ ലഭ്യമായിട്ടുണ്ട്. ഒരുമാസം ഏകദേശം അഞ്ചേകാൽ ലക്ഷം ഇന്ത്യൻ രൂപയാണ് മാസ ശമ്പളവും യാത്രാ ചെലവുമായി ഫിറോസിന് കിട്ടുന്നത് എന്ന് തെളിയിക്കുന്ന വർക്ക് എഗ്രിമെൻ്റിൻ്റെ കോപ്പി ലീഗു പ്രവർത്തകരാണ് എനിക്ക് എത്തിച്ചു തന്നത്. ദുബായിയിലെ ”Fortune House General Trading” എന്ന സ്ഥാപനത്തിൽ ഫിറോസിനുള്ള ഓഹരിയുടെ ഡിവിഡൻ്റാണ് ഓരോ മാസവും അദ്ദേഹത്തിന് ലഭിക്കുന്ന ഈ അഞ്ചേകാൽ ലക്ഷം അഥവാ 22000 യു.എ.ഇ ദിർഹം. UAE-യിലെ ബാങ്ക് അക്കൗണ്ട് മുഖേന കോടികളുടെ ഇടപാടുകൾ നടന്നിട്ടുണ്ടെന്ന സംശയം ബലപ്പെടുത്തുന്നതാണ് ഭീമമായ ഈ മാസശമ്പള കണക്ക്. റിവേഴ്സ് ഹവാല വഴി കത്വ-ഉന്നാവോ പെൺകുട്ടികൾക്കായി പിരിച്ചു കിട്ടിയതിൽ നിന്ന് ഭീമമായ സംഖ്യയും, ‘ദോതി ചാലഞ്ചി’ലൂടെ ശേഖരിച്ചതിൽ നിന്ന് കോടികളും ദുബായിലേക്ക് കടത്തിയിട്ടുണ്ടെന്നാണ് ലീഗിൽ തന്നെ ഒരു വിഭാഗം ആരോപിക്കുന്നത്.

600 രൂപ വിലയിട്ട് രണ്ടു വർഷം മുമ്പ് “ദോതി ചാലഞ്ച്” എന്ന പേരിൽ 2,72,000 മുണ്ടുകളാണ് കീഴ്കമ്മിറ്റികൾ മുഖേന വിതരണം ചെയ്തത്. 500 രൂപയുടെ തുണിയെന്നാണ് ഫിറോസ് സഹപ്രവർത്തകരെ പറഞ്ഞു വിശ്വസിപ്പിച്ചത്. എന്നാൽ 200 രൂപ പോലും മൊത്തത്തിൽ എടുക്കുമ്പോൾ വില വരാത്ത തുണികളാണ് 600 രൂപക്ക് തങ്ങളെ കൊണ്ട് വിറ്റഴിപ്പിച്ച് നാട്ടുകാരുടെ മുന്നിൽ അപമാനിതരാക്കിയത് എന്ന ആക്ഷേപം ഒട്ടുമിക്ക ശാഖാ കമ്മിറ്റികൾ അന്നു തന്നെ ഉന്നയിച്ചിരുന്നു. ഒരു യൂത്ത്ലീഗ് നേതാവാണ് രണ്ടു തവണ അലക്കിയപ്പോഴേക്ക് കളർ മങ്ങിയ ആ തുണി എന്നെ ഏൽപ്പിച്ചത്. ഫിറോസ് തുണി മില്ലുമായി നടത്തിയ “ഡീൽ” പുറത്തു കൊണ്ടുവരണമെന്നും വേദനയോടെ അദ്ദേഹം പറഞ്ഞു. ആ തുണി പരിശോധനക്കായി പ്രസ് ക്ലബ്ബിൻ്റെ ഭാരവാഹികൾക്ക് കൈമാറുകയാണ്. രണ്ടു ലക്ഷം തുണികൾ ദോതി ചാലഞ്ചിൽ വിൽക്കാനാണ് ലക്ഷ്യമിട്ടത്. എന്നാൽ 2,72,000 തുണികൾ വിറ്റ് റിക്കോർഡ് ഇട്ടു എന്ന് യൂത്ത്ലീഗ് നേതാക്കൾ തന്നെ അന്ന് അവകാശപ്പെട്ടിരുന്നു. 600 രൂപ നിരക്കിൽ 2,72,000 ദോതികൾ വിറ്റാൽ 16 കോടി 32 ലക്ഷം രൂപയാണ് കിട്ടുക. സംസ്ഥാന-ജില്ലാ-മണ്ഡലം-പഞ്ചായത്ത്-ശാഖാ കമ്മിറ്റികൾക്ക് 20 രൂപ വീതം 100 രൂപയാണ് ചാലഞ്ചിൽ നിന്ന് നിശ്ചയിച്ചിരുന്നത്. ആ ഇനത്തിൽ 2 കോടി 72 ലക്ഷം രൂപയാണ് കിട്ടിയത്. ഇതിൽ 54 ലക്ഷത്തി 40-തിനായിരം രൂപ സംസ്ഥാന കമ്മിറ്റിക്ക് മാത്രമായി സ്വന്തമാക്കാനായി. തുണി ഒന്നിന് 200 രൂപ Whole Sale വില കൂട്ടിയാൽ മില്ലുകാർക്ക് കൊടുത്തിട്ടുണ്ടാവുക 5 കോടി 44 ലക്ഷം രൂപ. ദോതി ചാലഞ്ചു വഴി സ്വരൂപിച്ച 16 കോടി 32 ലക്ഷം രൂപയിൽ 8 കോടി 16 ലക്ഷം രൂപക്ക് കണക്കില്ലെന്നാണ് യൂത്ത് ലീഗുകാരുടെ ആക്ഷേപം.

ഇങ്ങിനെ ഫണ്ട് മുക്കി ദുബായിയിലേക്ക് റിവേഴ്സ് ഹവാല വഴി എത്തിച്ച പണം നിക്ഷേപിച്ചാണോ “Fortune House General Trading” എന്ന സംരഭം തുടങ്ങിയതെന്ന് അന്വേഷിക്കണം. 2021-ൽ ഫിറോസ് കേരള നിയമ സഭയിലേക്ക് മൽസരിച്ചപ്പോൾ ഏതാണ്ട് 25 ലക്ഷത്തോളം തനിക്ക് ബാദ്ധ്യതയുണ്ടെന്നാണ് സത്യവാങ്ങ്മൂലം നൽകിയിരുന്നത്. അതിൻ്റെ കോപ്പി ഇതോടൊപ്പം വെക്കുന്നു. അന്ന് കടക്കാരനായ ഫിറോസ് 2024 ആയപ്പോഴേക്ക് മാസം അഞ്ചേകാൽ ലക്ഷം രൂപ ”ശമ്പളം” ലഭിക്കുന്നവനായി മാറിയത് എങ്ങിനെയെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തണം. ലഭ്യമായ എല്ലാ രേഖകളും ബന്ധപ്പെട്ടവർക്ക് കൈ മാറും.

പാലക്കാട് ജില്ലയിലെ കൊപ്പത്ത് “Yummy Fried Chicken” എന്ന സ്ഥാപനത്തിൻ്റെ ഫ്രാഞ്ചൈസി ഫിറോസ് തുടങ്ങിയത് വെള്ളടത്ത് മുഹമ്മദ് അഷറഫ്, വെള്ളടത്ത് ഹൗസ്, നിയർ ടോൾ ബൂത്ത്, പി.ഒ തിരുനാവായ എന്ന പുത്തൻ പണക്കാരനായ ബിനാമിയെ വെച്ചാണ്. ഇവർ തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണം. കൊപ്പത്തെ ഷോപ്പിൻ്റെ കെട്ടിട ഉടമയുമായി സംസാരിച്ചതും പഞ്ചായത്തിൽ പോയി ലൈസൻസ് ശരിയാക്കിയതും ഉൽഘാടനത്തിന് ആളുകളെ ക്ഷണിച്ചതുമെല്ലാം ഫിറോസാണെന്ന് കൊപ്പത്തെ ആരോട് ചോദിച്ചാലും അറിയാം. അവിടെ നിന്നുള്ള യൂത്ത്ലീഗ് പ്രവർത്തകരാണ് ഇക്കാര്യങ്ങൾ എന്നെ അറിയിച്ചത്. കോഴിക്കോട് ഹൈലൈറ്റ് മാളിലെ “Yummi Fried Chicken”ൻ്റെ ഫ്രാഞ്ചൈസിയിലും ഫിറോസിന് ഷെയറുള്ളതായി ആരോപണമുണ്ട്. അതിൻ്റെ ലൈസൻസിയുടെ പേരു വിവരം കോർപ്പറേഷൻ ഓഫീസിൽ നിന്നും ലഭിക്കും. വിവരാവകാശ പ്രകാരം രേഖകൾക്കായി അപേക്ഷ നൽകും. പ്രസ്തുത ലൈസൻസി ഫിറോസിൻ്റെ മറ്റൊരു ബിനാമിയാകും. അവർ തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും അന്വേഷണത്തിൻ്റെ പരിധിയിൽ വരണം.

ഞങ്ങളെപ്പോലെ പൊതുപ്രവർത്തനം നടത്തുന്ന സാധാരണക്കാരെ സമൂഹ മദ്ധ്യത്തിൽ താറടിച്ച് കാണിക്കാൻ എന്ത് വൃത്തികേടും ചെയ്യാൻ ഈ മാഫിയാ സംഘം മുതിരുമെന്നതിൻ്റെ തെളിവാണ് എനിക്കെതിരായ ഉണ്ടാക്കിയെടുത്ത ലോകായുക്താ വിധി. വിശുദ്ധ ഖുർആൻ സാക്ഷിയാക്കി പറയുന്നു: എൻ്റെ ബന്ധുവായ അദീപിന് ഒരു ജോലി നൽകുക എന്നതായിരുന്നില്ല എൻ്റെ ലക്ഷ്യം. അയാൾ അന്ന് വലിയ ശമ്പളത്തിന് ഷെഡ്യൂൾഡ് ബേങ്കായ ഫെഡറൽ ബാങ്കിൻ്റെ കോഴിക്കോട് ഓഫീസിൽ മാനേജരായി ജോലി ചെയ്യുകയായിരുന്നു. മൈനോറിറ്റി ഫിനാൻഷ്യൽ കോർപ്പറേഷൻ്റെ ജനറൽ മേനേജരായി നമുക്ക് അടുത്ത് പരിചയമുള്ള ഒരാളെ കൊണ്ടുവന്നാൽ കിട്ടാകടങ്ങൾ പിരിച്ചെടുക്കാൻ സാധിക്കും. ആ സ്ഥാപനത്തെ മെച്ചപ്പെടുത്തൽ മാത്രമാണ് ഈയുള്ളവൻ ഉദ്ദേശിച്ചത്. അതും ഒരു വർഷത്തേക്കുള്ള ഡെപ്യൂട്ടേഷനായിരുന്നു. ഇന്നയാൾ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബാങ്ക് ഓഫ് ബറോഡയുടെ കൊച്ചിയിലെ ചീഫ് മാനേജരാണ്. ഐസ്ക്രീം പാർലർ കേസിൽ പി.കെ കുഞ്ഞാലിക്കുട്ടി സാഹിബിനെ കുറ്റവിമുക്തനാക്കി വിധി പറഞ്ഞ രണ്ട് ജഡ്ജിമാരിൽ ഒരാൾ ലോകായുക്ത സിറിയക് ജോസഫായിരുന്നു. അന്നതിന് പ്രതിഫലമായി സിറിയക്കിൻ്റെ അനുജ സഹോദര ഭാര്യയെ എം.ജി യൂണിവേഴ്സിറ്റിയുടെ വിസിയായി നിയമനം നൽകി. ആ ബന്ധം ഉപയോഗിച്ച് സിറിയക്കിനെ സ്വാധീനിച്ച് എനിക്ക് ഒരു നോട്ടീസ് അയക്കുകയോ എന്നെ കേൾക്കുകയോ ചെയ്യാതെ ഏകപക്ഷീയമായി വിധി പറയിപ്പിച്ചു. കോൺഗ്രസ് നേതാവായ പൂന്തോട്ടത്തെ ഇടനിലക്കാരനാക്കി. അങ്ങിനെ ചെയ്തിട്ടില്ലെന്ന് വിശുദ്ധ ഗ്രന്ഥത്തിൽ തൊട്ടു സത്യം ചെയ്യാൻ ഫിറോസിനാകുമോ?ഞാനടക്കമുള്ള സാധാരണക്കാർ ഒരു തെറ്റേ ചെയ്തിട്ടുള്ളൂ: അന്യായമായി ഒരു രൂപ സ്വന്തമാക്കാതെയും ആരുടെയും കൂടെ ഒരു കച്ചവടത്തിലും പങ്കാളിയാകാതെയും നേരാംവണ്ണം പൊതുപ്രവർത്തനം നടത്തി.

വളർന്നു വരുന്ന ചെറുപ്പക്കാർ മാഫിയാ രാഷ്ട്രീയത്തിൻ്റെ വക്താക്കളാകുന്നത് മഹിതമായ കേരളത്തിൻ്റെ പൊതുപ്രവർത്തന പൈതൃകത്തിന് തീരാകളങ്കമാണ്. ഇത്തരക്കാരെ മുളയിലേ നുള്ളിയില്ലെങ്കിൽ ഈ ക്യാൻസർ പാർട്ടിയെ മുഴുവൻ പിടികൂടുമെന്ന് മുസ്ലിംലീഗ് നേതൃത്വം തിരിച്ചറിയണം. പണമുണ്ടെങ്കിലേ നേതൃപദവികളിൽ എത്താനാകൂ എന്നു വന്നാൽ സംശുദ്ധ രാഷ്ട്രീയത്തിന് അത് ഏൽപ്പിക്കുന്ന ആഘാതം ചെറുതാവില്ല. മുസ്ലിംലീഗിൻ്റെ മൊത്തം കച്ചവടം ചെയ്യുന്ന “Sales Manager” ആയി ഫിറോസിനെ ആരെങ്കിലും ഏൽപ്പിച്ചിട്ടുണ്ടോ എന്ന കാര്യം ലീഗു നേതാക്കൾ വ്യക്തമാക്കണം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!