ന്യൂഡൽഹി: യുക്രെയ്‌നിലെ സമാധാനശ്രമങ്ങളെക്കുറിച്ച് ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും. മാക്രോണും മോദിയും തമ്മിൽ നടന്ന ഫോൺ സംഭാഷണത്തിൽ ഇന്ത്യ-ഫ്രാൻസ് ഉഭയകക്ഷി സഹകരണത്തിലെ പുരോഗതി വിലയിരുത്തുകയും ചെയ്തു.
‘ഉഭയകക്ഷി സഹകരണത്തിന്റെ വിവിധ മേഖലകളിലെ പുരോഗതി വിലയിരുത്തി. യുക്രെയ്‌നിലെ സംഘർഷം നേരത്തെ അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര, പ്രാദേശിക വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു. ആഗോള സമാധാനവും സ്ഥിരതയും വളർത്തുന്നതിൽ ഇന്ത്യ-ഫ്രാൻസ് പങ്കാളിത്തം ഒരു പ്രധാന പങ്ക് വഹിക്കും.’ പ്രധാനമന്ത്രി മോദി എക്സിൽ കുറിച്ചു.

‘യുക്രൈനിൽ ശാശ്വതമായ സമാധാനം സ്ഥാപിക്കുന്നതിൽ ഇന്ത്യയും ഫ്രാൻസും ദൃഢനിശ്ചയമുള്ളവരാണ്. ഞങ്ങളുടെ സൗഹൃദത്തിലും പങ്കാളിത്തത്തിലും അധിഷ്ഠിതമായി, സമാധാനപാത കണ്ടെത്താൻ ഒരുമിച്ച് മുന്നോട്ട് പോകും.’ മാക്രോണും എക്സിൽ കുറിച്ചു.
യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ഇരുവരുടെയും ഫോൺ സംഭാഷണം. യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാനും സമാധാനത്തിലേക്കുള്ള വഴി രൂപപ്പെടുത്താനും റഷ്യയെ പ്രേരിപ്പിക്കുന്നതിൽ ഇന്ത്യയ്ക്ക് നിർണായക പങ്കുണ്ടെന്ന് ലെയ്ൻ പറഞ്ഞിരുന്നു.
