ഫ്രെഡറിക്ടണ്‍ : പ്രവിശ്യയിലെ നിഗൂഢ മസ്തിഷ്ക രോഗത്തെക്കുറിച്ചുള്ള റിപ്പോർട്ട് പുറത്തുവിടുന്നത് വൈകുമെന്ന് ന്യൂ ബ്രൺസ്‌വിക്ക് സർക്കാർ. ഈ വേനൽക്കാലത്ത് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന റിപ്പോർട്ട് ഡിസംബർ അവസാനത്തോടെ ലഭിക്കുകയേയുള്ളുവെന്ന് പ്രവിശ്യാ സർക്കാർ അറിയിച്ചു.
അന്വേഷണ വേളയിൽ ശേഖരിച്ച പാരിസ്ഥിതിക ഡാറ്റ ഫെഡറൽ ഏജൻസി അവലോകനം ചെയ്യുമെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. അക്കാഡിയൻ പെനിൻസുല, മോങ്ക്ടൺ പ്രദേശങ്ങളിലെ നൂറുകണക്കിന് ആളുകൾക്ക് ഈ രോഗ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മാധ്യമങ്ങൾക്ക് അയച്ച പ്രസ്താവനയിലാണ് പ്രവിശ്യ അന്വേഷണത്തിലെ കാലതാമസത്തെക്കുറിച്ചുള്ള വാർത്തകൾ വെളിപ്പെടുത്തിയത്.സങ്കീർണ്ണമായ കേസുകൾ മനസ്സിലാക്കാൻ ലഭ്യമായ എല്ലാ വിദഗ്ദ്ധ സഹായവും സർക്കാർ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ന്യൂ ബ്രൺസ്‌വിക്ക് ആരോഗ്യമന്ത്രി ജോൺ ഡോർനൻ പറഞ്ഞു.