ടൊറന്റോ: 2022-ൽ അന്തരിച്ച സിറ്റി കൗൺസിലറായ സിന്തിയ ലായോടുള്ള ആദരസൂചകമായി സ്കാർബറോയിലെ റോസ്ബാങ്ക് പാർക്ക് ഇനിമുതൽ സിന്തിയ ലായ് പാർക്ക് എന്ന പേരിൽ അറിയപ്പെടും. ലായിയുടെ സമർപ്പണവും സമൂഹത്തിനായുള്ള സംഭാവനകളും അംഗീകരികരിച്ചുകൊണ്ട് അവരുടെ കുടുംബത്തിന്റെ പിന്തുണയോടെയാണ് പുതിയ പേര് തിരഞ്ഞെടുത്തതെന്ന് ടൊറന്റോ സിറ്റി അറിയിച്ചു.

കൗൺസിലറായിരുന്ന സമയത്ത് റോസ്ബാങ്ക് പാർക്ക് ഉൾപ്പെടെയുള്ള പ്രാദേശിക പാർക്കുകളിലെ ശുചീകരണത്തിനും അറ്റകുറ്റപ്പണികൾക്കും ലായ് പിന്തുണ നൽകിയിരുന്നു. സിന്തിയ ലായുടെ പേരിൽ പാർക്കിന്റെ പേര് മാറ്റുന്നത് ഉചിതമായ തീരുമാനമാണെന്നും പാർക്കുകളെ എല്ലാവർക്കും ആസ്വദിക്കാവുന്ന തരത്തിൽ മെച്ചപ്പെടുത്തിയ അവരുടെ സമർപ്പണത്തെ ആദരിക്കുന്നതായി ടൊറന്റോ മേയർ ഒലിവിയ ചൗ പറഞ്ഞു. 1051 പ്രോഗ്രസ് അവന്യൂവിൽ സ്ഥിതി ചെയ്യുന്ന 4.3 ഹെക്ടർ വിസ്തൃതിയുള്ള പാർക്കിൽ ഹരിത ഇടം, പൂന്തോട്ടങ്ങൾ, ബാസ്കറ്റ്ബോൾ കോർട്ടുകൾ എന്നിവയുണ്ട്. സ്കാർബറോ നോർത്തിലെ വാർഡ് 23 നെ പ്രതിനിധീകരിച്ചിരുന്ന ലായ്, ഒരു വർഷത്തോളം നീണ്ടുനിന്ന അസുഖത്തെ തുടർന്ന് 2022 ഒക്ടോബർ 21 ന് ആശുപത്രിയിൽ വച്ച് മരിക്കുകയായിരുന്നു.