ഓട്ടവ : മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പാരിസ്ഥിതിക നയങ്ങൾ മരവിപ്പിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി. 2026-ഓടെ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം വർധിപ്പിക്കാനുള്ള ലക്ഷ്യവും, ക്ലീൻ ഫ്യൂവൽ റെഗുലേഷൻസും പുനഃപരിശോധിക്കാനാണ് തീരുമാനം. തൊഴിലില്ലായ്മ നിരക്ക് ഉയർന്നതും യുഎസ് താരിഫുകൾ കാനഡയുടെ സമ്പദ്‌വ്യവസ്ഥയെ ബാധിച്ചതുമാണ് ഈ മാറ്റങ്ങൾക്ക് പ്രധാന കാരണമായി കാർണി സർക്കാർ ചൂണ്ടിക്കാട്ടുന്നത്. ഈ വർഷം മാർച്ചിൽ കാർബൺ നികുതി കുറച്ചതിന് പിന്നാലെയാണ് പുതിയ നീക്കം.

അതേസമയം, 2030, 2035 വർഷങ്ങളിലെ എമിഷൻ കുറയ്ക്കുന്നതിനുള്ള ലക്ഷ്യങ്ങൾ നിലനിർത്തുമോ എന്ന കാര്യത്തിൽ വ്യവസായ മന്ത്രി മെലനി ജോളി പ്രതികരിച്ചില്ല. എന്നാൽ, 2050-ഓടെ കാർബൺ എമിഷൻ പൂർണ്ണമായി ഇല്ലാതാക്കാനുള്ള ലക്ഷ്യത്തിൽ സർക്കാർ ഉറച്ചുനിൽക്കുമെന്ന് അവർ പറഞ്ഞു. അതേസമയം, ഈ നീക്കങ്ങൾ യുഎസ് താരിഫുകളോടുള്ള പ്രതികരണമാണെന്നും രാഷ്ട്രീയപരമായ തീരുമാനമല്ലെന്നും ജോളി കൂട്ടിച്ചേർത്തു.