വാഷിങ്‌ടൺ: ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള കരാർ ഹമാസ് ഉടൻ അംഗീകരിക്കണമെന്ന് ഇത് ഹമാസിനുള്ള അവസാന മുന്നറിയിപ്പാണെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘ഇസ്രയേൽ എന്റെ നിബന്ധനകൾ അംഗീകരിച്ചു. ഹമാസും കരാർ അംഗീകരിക്കേണ്ട സമയമാണിത്,’ ട്രൂത്ത് സോഷ്യൽ ട്രംപ് കുറിച്ചു. ‘കരാർ അംഗീകരിക്കാതിരുന്നാലുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് ഞാൻ ഹമാസിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് എന്റെ അവസാന മുന്നറിയിപ്പാണ്, ഇനി ഒന്നുകൂടി ഉണ്ടാകില്ല,’ട്രംപ് കൂട്ടിച്ചേർത്തു.

വെടിനിർത്തലിന് ഹമാസിനു മുന്നിൽ ട്രംപ് പുതിയ നിർദേശം വച്ചെന്ന് ഇസ്രയേലിലെ എൻ12 ന്യൂസ് റിപ്പോർട്ട് ചെയ്‌തു. കരാർ പ്രകാരം, ഹമാസിന്റെ പിടിയിലുള്ള ശേഷിക്കുന്ന 48 ബന്ദികളെയും ആദ്യ ദിനം തന്നെ വിട്ടയക്കണം. പകരം ഇസ്രയേലിലെ ജയിലുകളിൽ കഴിയുന്ന ആയിരത്തിലേറെ പലസ്തീനികളെയും വിട്ടയക്കും. തുടർന്ന് വെടിനിർത്തൽ നിലനിൽക്കെ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ചകളും നടത്തും. ട്രംപിന്റെ നിർദ്ദേശം ഇസ്രയേൽ ഗൗരവമായി പരിഗണിക്കുകയാണെന്ന് ഇസ്രയേലിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ അതിന്റെ വിശദാംശങ്ങൾ അദ്ദേഹം വ്യക്തമാക്കിയില്ല.