ഷാർലെറ്റ് ടൗൺ : ആപ്പിൾ വിളവെടുപ്പ് നേരത്തെ ആരംഭിച്ച് പ്രിൻസ് എഡ്വേർഡ് ഐലൻഡിലെ (പിഇഐ) കർഷകർ. സാധാരണ സെപ്റ്റംബർ പകുതിയോടെ ആരംഭിക്കുന്ന ‘യൂ-പിക്ക്’ (U-pick) വിളവെടുപ്പ് ഈ വർഷം ഒരാഴ്ച മുൻപ് ആരംഭിച്ചതായി വിന്റർമൂർ ഓർച്ചാർഡ് സഹ ഉടമ മാർക്ക് ആഷ്‌ലി അറിയിച്ചു. മൂന്നു മാസത്തോളം നീണ്ടുനിന്ന വരൾച്ചയും റെക്കോർഡ് താപനിലയുമാണ് ആപ്പിൾ മരങ്ങളെ ദോഷകരമായി ബാധിച്ചത്. ഇത് വിളവിന്റെ അളവിനെയും ഗുണനിലവാരത്തെയും ബാധിക്കുമെന്ന് കനേഡിയൻ സെന്റർ ഫോർ ക്ലൈമറ്റ് ചേഞ്ച് ആൻഡ് അഡാപ്റ്റേഷൻ ഡയറക്ടർ ഐതസാസ് ഫാറൂഖ് പറയുന്നു.

കാലാവസ്ഥാ വ്യതിയാനം കാരണം മഴയുടെ രീതി മാറിയെന്നും, ഇത് കർഷകരുടെ ലാഭത്തെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിളകളെ സംരക്ഷിക്കാൻ കർഷകർ ജലസേചന സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിലും, നേരത്തെ നട്ട വിളകൾക്ക് പ്രതീക്ഷിച്ചത്ര വലുപ്പം ലഭിച്ചില്ലെന്ന് ആർലിംഗ്ടൺ ഓർച്ചാർഡ്സ് സഹ ഉടമ ബാരി ബാൾസം പറഞ്ഞു. അതേസമയം, ആപ്പിളിൻ്റെ രുചിയിൽ മാറ്റമില്ലെന്നും ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഗുണനിലവാരം നിലനിർത്താൻ ശ്രമിക്കുമെന്നും മാർക്ക് ആഷ്‌ലി കൂട്ടിച്ചേർത്തു.