ജറുസലം: ഗാസ സിറ്റിയിൽ കനത്ത ആക്രമണം തുടരുന്നതിനിടെ, ഹമാസിനോട് ആയുധംവച്ചു കീഴടങ്ങാൻ ഇസ്രയേൽ ആവശ്യപ്പെട്ടു. ബന്ദികളെ വിട്ടയയ്ക്കുകയും ഹമാസ് കീഴടങ്ങുകയും ചെയ്താലുടൻ ആക്രമണം അവസാനിപ്പിക്കുമെന്നും ഇസ്രയേൽ വിദേശകാര്യമന്ത്രി ഗിഡിയൻ സാർ പറഞ്ഞു. കീഴടങ്ങില്ലെന്നു വ്യക്തമാക്കിയ ഹമാസ്, ഇസ്രയേൽ സൈന്യം ഗാസയിൽ നിന്നു പിന്മാറിയാൽ ബന്ദികളെ വിട്ടയയ്‌ക്കാമെന്നു വ്യക്തമാക്കി.

അതിനിടെ, ഗാസ സിറ്റിയിൽ വീടുകൾ, അഭയകേന്ദ്രമായ കെട്ടിടങ്ങൾ, സ്കൂൾ എന്നിവയ്ക്കുനേരെയുണ്ടായ ബോംബാക്രമണങ്ങളിൽ 21 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഗാസ സിറ്റിയിലെ 2 ബഹുനിലക്കെട്ടിടങ്ങളും തകർന്നടിഞ്ഞു. ഇവിടം അഭയകേന്ദ്രമായി പ്രവർത്തിച്ചുവരികയായിരുന്നു.