ടോക്യോ : ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു. ജൂലൈയിൽ നടന്ന പാർലമെൻ്റ് തിരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ഇഷിബയ്ക്കെതിരെ പാർട്ടിയിൽ നിന്നും രാജിസമ്മർദ്ദം ശക്തമായിരുന്നു. ഇഷിബയെ സ്ഥാനത്തുനിന്ന് നീക്കി പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കാൻ പാർട്ടിയിൽ ശ്രമങ്ങൾ നടക്കുന്നതിനിടയിലാണ് രാജി.

പാർട്ടിക്കുള്ളിലെ പിളർപ്പ് ഒഴിവാക്കാനാണ് ഈ തീരുമാനമെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. എന്നാൽ, രാജിക്കായുള്ള സമ്മർദ്ദം താങ്ങാനാവാത്തതിനാലാണ് ഇഷിബ ഈ കടുംകൈ ചെയ്തതെന്നാണ് ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മുൻ പ്രധാനമന്ത്രി ടാരോ അസോ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ഇഷിബയുടെ രാജി ആവശ്യപ്പെട്ടിരുന്നു. 2027 വരെ അദ്ദേഹത്തിന് കാലാവധിയുണ്ടായിരുന്നെങ്കിലും, എതിരാളികളുടെ സമ്മർദ്ദത്തിന് വഴങ്ങി അദ്ദേഹം സ്ഥാനമൊഴിയുകയായിരുന്നു.