വാഷിങ്ടണ്‍ : അമേരിക്കൻ സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന് മുന്നറിയിപ്പ് നൽകി പ്രമുഖ സാമ്പത്തിക വിദഗ്ധൻ മാർക്ക് സാൻഡി. അമേരിക്കൻ ജിഡിപിയുടെ മൂന്നിലൊന്ന് സംഭാവന ചെയ്യുന്ന സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതി താഴേക്ക് പോവുകയാണെന്ന് സാൻഡി ചൂണ്ടിക്കാട്ടി. ഈ പ്രതിസന്ധി അമേരിക്കയിലെ എല്ലാ പൗരന്മാരെയും ബാധിക്കുമെന്നും സാധനങ്ങൾക്ക് വില ഉയരുമെന്നും തൊഴിൽ സ്ഥിരത നഷ്ടപ്പെടുമെന്നുമാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. 2008-ലെ സാമ്പത്തിക മാന്ദ്യം പ്രവചിച്ച വ്യക്തിയാണ് മാർക്ക് സാൻഡി.

നിലവിൽ 2.7 ശതമാനമായ പണപ്പെരുപ്പ നിരക്ക് അടുത്ത ഒരു വർഷത്തിനുള്ളിൽ 4 ശതമാനമായി ഉയരുമെന്ന് അദ്ദേഹം പ്രവചിക്കുന്നു. ഇത് ഉപഭോക്താക്കളുടെ വാങ്ങൽ ശേഷി കുറയ്ക്കും. തൊഴിൽ വളർച്ചയിലും വലിയ കുറവുണ്ടായിട്ടുണ്ട്. ഉപഭോക്തൃ ചെലവിലെ കുറവ്, ഭവന വിപണിയിലെ പ്രശ്‌നങ്ങൾ എന്നിവയെല്ലാം ഈ പ്രതിസന്ധികൾക്ക് കാരണമാകുന്നു. കാലിഫോർണിയ, ന്യൂയോർക്ക് തുടങ്ങിയ വലിയ സംസ്ഥാനങ്ങൾ പിടിച്ചുനിൽക്കുമ്പോൾ, മറ്റ് പല സംസ്ഥാനങ്ങളും മാന്ദ്യത്തിന്റെ വക്കിലാണെന്നും സാൻഡി മുന്നറിയിപ്പ് നൽകി.