വന്‍കൂവര്‍: ബ്രിട്ടിഷ് കൊളംബിയയിലെ നോര്‍ത്ത് ഒകനാഗില്‍ ഒഴിപ്പിക്കല്‍ ഉത്തരവ്. ഒകനാഗിലെ ഗ്യാസ് സ്റ്റേഷന് സമീപം വെള്ളിയാഴ്ച രാത്രിയുണ്ടായ കാട്ടുതീയെ തുടര്‍ന്നാണ് ഒഴിപ്പിക്കല്‍ ഉത്തരവ്. ആളുകളോട് ഉടന്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് പോകണമെന്ന് ഉത്തരവില്‍ പറയുന്നു.
ശനിയാഴ്ച രാവിലെ 66 ഹെക്ടര്‍ പ്രദേശത്തേക്ക് വ്യാപിച്ച കാട്ടുതീ കാരണം നോബിള്‍ കാന്യോണ്‍, ബെക്കര്‍ ലേക്ക് എന്നിവിടങ്ങളില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞുമാറണമെന്ന് നോര്‍ത്ത് ഒകനാഗന്‍ റീജനല്‍ ഡിസ്ട്രിക്റ്റ് മുന്നറിയിപ്പ് നല്‍കി. തീപിടിത്തം വേഗത്തില്‍ പടര്‍ന്നതായും വരണ്ട കാലാവസ്ഥ അതിന് ആക്കം കൂട്ടിയതായും ബി.സി. വൈല്‍ഡ്ഫയര്‍ സര്‍വീസിലെ ഫയര്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസറായ ടെയ്ലര്‍ സ്റ്റുവര്‍ട്ട് ഷാന്റ്സ് പറഞ്ഞു.

തീ നിയന്ത്രണവിധേയമാക്കാന്‍ അഗ്‌നിശമനസേനാംഗങ്ങള്‍ ഹെലികോപ്റ്ററുകളും വിമാനങ്ങളും ഉപയോഗിക്കുന്നുണ്ട്. ഹെലികോപ്റ്ററുകള്‍ക്ക് വെള്ളം നിറയ്ക്കുന്നതിനായി സമീപത്തെ തടാകങ്ങളില്‍ ബോട്ടിങ് ഒഴിവാക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. ഞായറാഴ്ചയോടെ മഴ ലഭിക്കാനുള്ള സാധ്യതകള്‍ കണക്കിലെടുത്ത്, സ്ഥിതിഗതികള്‍ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.