മൺട്രിയോൾ : നഗരത്തിലെ അടുത്ത മേയർ സ്ഥാനാർത്ഥികളിൽ സോറായ മാർട്ടിനെസ് ഫെറാഡ നേരിയ ഭൂരിപക്ഷത്തിൽ മുന്നിലാണെന്ന് സർവേ റിപ്പോർട്ട്. മൺട്രിയോൾ പൊലീസ് ബ്രദർഹുഡ് നടത്തിയ പുതിയ ലെഗർ സർവേയിലാണ് കണ്ടെത്തൽ. എന്നാൽ, ഭൂരിഭാഗം വോട്ടർമാരും ആർക്ക് വോട്ട് ചെയ്യണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല.

സർവേ പ്രകാരം, എൻസെമ്പിൾ മൺട്രിയോൾ നേതാവായ ഫെറാഡയ്ക്ക് 18 ശതമാനം വോട്ടർമാരുടെ പിന്തുണയുണ്ട്. പ്രൊജെറ്റ് മൺട്രിയോൾ നേതാവ് ലൂക് റാബോയിൻ 15 ശതമാനം പിന്തുണയുമായി രണ്ടാം സ്ഥാനത്തും, ട്രാൻസിഷൻ മൺട്രിയോൾ ലീഡർ ക്രെയ്ഗ് സോവ് ഏഴ് ശതമാനം പിന്തുണയുമായി മൂന്നാം സ്ഥാനത്തുമാണ്. 41 ശതമാനം വോട്ടർമാർ ആരെ പിന്തുണയ്ക്കുമെന്ന ചോദ്യത്തിന് കൃത്യമായി ഉത്തരം രേഖപ്പെടുത്തിയില്ല.
നിലവിലെ മേയർ വലേരി പ്ലാന്റ് സ്ഥാനമൊഴിയുന്ന സാഹചര്യത്തിൽ, 61 ശതമാനം പേരും സിറ്റി ഭരിക്കാൻ പുതിയൊരു ടീമിനെയാണ് ആഗ്രഹിക്കുന്നത്. ഭവന, ഭവനരഹിത പ്രശ്‌നങ്ങളാണ് വോട്ടർമാരുടെ പ്രധാന ആശങ്ക. റോഡ് നിർമ്മാണം, കുറ്റകൃത്യങ്ങൾ, നികുതി എന്നിവയാണ് മറ്റ് വിഷയങ്ങൾ. ഇവ കൈകാര്യം ചെയ്യാൻ ഫെറാഡയാണ് ഏറ്റവും അനുയോജ്യയെന്ന് ഭൂരിപക്ഷം വോട്ടർമാരും കരുതുന്നു.

നവംബർ 2-നാണ് മൺട്രിയോളിൽ മേയർ തിരഞ്ഞെടുപ്പ്.