കിച്ചനർ : കാനഡയിൽ പതിറ്റാണ്ടുകളിലെ ഏറ്റവും ചൂടേറിയ വേനൽക്കാലം അവസാനിച്ചു. വാട്ടർലൂ സർവകലാശാലയിലെ ഇഡി സോളിസ് മെമ്മോറിയൽ വെതർ സ്റ്റേഷനിൽ നിന്നുള്ള ഡാറ്റയനുസരിച്ച് 1955 ന് ശേഷമുള്ള ഏറ്റവും ചൂടേറിയ വേനൽക്കാലമായിരുന്നു ഇത്. ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങൾ ഉൾക്കൊള്ളുന്ന ഈ സീസൺ, 1914 മുതലുള്ള പ്രാദേശിക കാലാവസ്ഥാ രേഖകളുടെ ചരിത്രത്തിലെ നാലാമത്തെ ഏറ്റവും ചൂടേറിയ വേനൽക്കാലവുമായിരുന്നു.

മൂന്ന് മാസത്തിനിടെ, 34 ദിവസം താപനില 30 ഡിഗ്രി സെൽഷ്യസ് കവിഞ്ഞു. വേനൽക്കാലം മുഴുവൻ അസാധാരണമാംവിധം ചൂടുള്ളതായിരുന്നെങ്കിലും, ഓഗസ്റ്റിൽ കാലാവസ്ഥയിൽ മാറ്റം വന്നു. കടുത്ത ചൂടോടെയാണ് മാസം ആരംഭിച്ചതെങ്കിലും ഓഗസ്റ്റ് 16 ന് ശേഷം തണുപ്പ് കൂടി, പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ശരാശരിയിലും താഴെയുള്ള താപനിലയിലേക്ക് എത്തി. ഓഗസ്റ്റിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 32.6 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 5 ഡിഗ്രി സെൽഷ്യസുമായിരുന്നു.