ഓട്ടവ : കിഴക്കൻ കാനഡയിൽ മഞ്ഞുവീഴ്ച മുന്നറിയിപ്പ് നൽകി എൻവയൺമെൻ്റ് കാനഡ. പശ്ചിമ കാനഡയിലുടനീളം വായു ഗുണനിലവാരം കുറയുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബ്രിട്ടിഷ് കൊളംബിയ, ആൽബർട്ട, സസ്കാച്വാൻ, വടക്കുപടിഞ്ഞാറൻ പ്രദേശങ്ങൾ എന്നിവയുൾപ്പെടെ പടിഞ്ഞാറൻ കാനഡയുടെ പല ഭാഗങ്ങളിലും കാട്ടുതീ കാരണം വായു മലിനീകരണം രൂക്ഷമാണെന്ന് ഏജൻസി പറയുന്നു.

ബ്രിട്ടിഷ് കൊളംബിയയിലെ സെൻട്രൽ ഒകനാഗൻ, കൂട്ടേനയ് ലേക്ക്, ആൽബർട്ടയിലെ ലെത്ത്ബ്രിഡ്ജ്, ഹൈ ലെവൽ, സസ്കാച്വാനിലെ ബഫല്ലോ നാരോസ്, ബ്യൂവൽ, വടക്കുപടിഞ്ഞാറൻ ടെറിട്ടറിയിലെ ഫോർട്ട് സിംപ്‌സൺ എന്നിവിടങ്ങളിൽ മുന്നറിയിപ്പ് ബാധകമാണ്. പ്രദേശവാസികൾ പുറത്ത് ചെലവഴിക്കുന്ന സമയം പരിമിതപ്പെടുത്താനും ഔട്ട്ഡോർ കായിക വിനോദങ്ങളും പ്രവർത്തനങ്ങളും മാറ്റിവയ്ക്കുന്നത് പരിഗണിക്കാനും എൻവയൺമെൻ്റ് കാനഡ നിർദ്ദേശിച്ചു.

അതേസമയം, കിഴക്കൻ കാനഡയിൽ, ഒൻ്റാരിയോ, കെബെക്ക്, ന്യൂ ബ്രൺസ്വിക്ക് എന്നിവയുടെ ചില ഭാഗങ്ങളിൽ മഞ്ഞുവീഴ്ച മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കെബെക്കിലെയും ന്യൂ ബ്രൺസ്‌വിക്കിലെയും ചില ഭാഗങ്ങളിൽ തിങ്കളാഴ്ച രാത്രിയിൽ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നു. മഞ്ഞുവീഴ്ച വിളകൾക്ക് നാശമുണ്ടാക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ സസ്യങ്ങളെയും മരങ്ങളെയും സംരക്ഷിക്കുന്നതിന് പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും ഏജൻസി നിർദ്ദേശിച്ചു.