കിച്ചനർ : ഹോമർ വാട്‌സൺ ബൊളിവാർഡ്, ബ്ലോക്ക് ലൈൻ റോഡ് എന്നിവിടങ്ങളിലെ റൗണ്ട് എബൗട്ടുകളിൽ സുരക്ഷാ മെച്ചപ്പെടുത്തലുകൾക്കായുള്ള ടാറിങ് ജോലികൾ നടക്കുന്നതിനാൽ ഈ ആഴ്ച റോഡ് ഭാഗികമായി അടച്ചിടുമെന്ന് വാട്ടർലൂ റീജിനൽ മുനിസിപ്പാലിറ്റി. റൗണ്ട് എബൗട്ടുകളിൽ കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള പൈലറ്റ് പദ്ധതിയുടെ ഭാഗമാണ് ഈ ജോലികൾ. ഇതിന്റെ ഭാഗമായി റൗണ്ട് എബൗട്ടുകളിൽ ഉയർത്തിയുള്ള കാൽനടപ്പാതകളും മെച്ചപ്പെട്ട ലൈറ്റിങ്ങും സ്ഥാപിക്കും.

ഹോമർ വാട്‌സൺ ബൊളിവാർഡ് ഹാൻസൺ അവന്യൂ മുതൽ ട്രീലൈൻ പ്ലേസ് വരെ തിങ്കളാഴ്ച രാത്രി 8 മണി മുതൽ ചൊവ്വാഴ്ച രാവിലെ 7 മണി വരെ അടഞ്ഞു കിടക്കും. ഇതിന് പിന്നാലെ ചൊവ്വാഴ്ച രാത്രി 8 മണി മുതൽ ബുധനാഴ്ച രാവിലെ 7 മണി വരെ ബ്ലോക്ക് ലൈൻ റോഡ് കിങ്സ്‌വുഡ് ഡ്രൈവ് മുതൽ ഫാലോഫീൽഡ് ഡ്രൈവ് വരെയും അടച്ചിടും. ഈ സമയങ്ങളിൽ ഹോമർ വാട്‌സൺ ബൊളിവാർഡ് – ബ്ലോക്ക് ലൈൻ റോഡ് റൗണ്ട് എബൗട്ട് പൂർണ്ണമായും അടച്ചിടും.