സെന്റ് ജോൺസ് : അറ്റ്ലാന്റിക് കാനഡയിലെ ചെറുകിട, ഇടത്തരം വ്യാപാര സ്ഥാപനങ്ങൾക്ക് 8 കോടി ഡോളർ താരിഫ് റിലീഫ് ഫണ്ട് അനുവദിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങളെ തുടർന്ന് വ്യാപാരികൾ നേരിടുന്ന വെല്ലുവിളികൾ ലഘൂകരിക്കാനാണ് നടപടി. കാനഡയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ യുഎസുമായുള്ള ബന്ധം അനിശ്ചിതത്വത്തിലാണെന്നും അതിനാൽ പുതിയ വിപണികൾ കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്നും കാർണി വ്യക്തമാക്കി.

100 കോടി ഡോളറിന്റെ റീജിനൽ താരിഫ് റെസ്പോൺസ് ഇനീഷ്യേറ്റിവിൻറെ ഭാഗമായാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾക്ക് 100 ശതമാനം തീരുവ ഏർപ്പെടുത്തിയതിന് മറുപടിയായി ചൈന കാനഡയ്ക്കുമേൽ ഏർപ്പെടുത്തിയ താരിഫ് കാരണം പ്രതിസന്ധിയിലായ സീഫുഡ് വ്യവസായത്തിന്, ഈ ഫണ്ട് ഏറെ സഹായകരമാകും.