ബാരി : ഭവനരഹിതരുടെ ക്യാമ്പുകളിൽ നിരന്തരമുണ്ടാകുന്ന പ്രശ്നങ്ങളെ തുടർന്ന് നഗരത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ബാരി മേയർ അലക്സ് നട്ടാൽ. വർധിച്ചു വരുന്ന സുരക്ഷാ പ്രശ്നങ്ങൾ, മുനിസിപ്പൽ സ്വത്തുവകകളുടെ നാശനഷ്ടങ്ങൾ, ഒപിയോയിഡ് പ്രതിസന്ധി തുടങ്ങിയ ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് മേയർ വ്യക്തമാക്കി. കോവിഡ് മഹാമാരിക്ക് ശേഷം ബാരി നഗരത്തിൽ വീടുകളില്ലാതെയും ക്യാമ്പുകളിൽ താമസിക്കുന്ന വ്യക്തികളുടെ എണ്ണം ഗണ്യമായി വർധിച്ചു. ഈ വ്യക്തികളെല്ലാം ബാരി നഗരത്തിൽ നിന്നുള്ളവരല്ല; മറ്റ് മുനിസിപ്പാലിറ്റികളിൽ നിന്ന് നിരവധി വ്യക്തികൾ ബാരിയിലെ തെരുവുകളിലേക്കും ക്യാമ്പുകളിലേക്കും എത്തിയതായി മേയർ പറയുന്നു.

ഭവനരഹിതരെ പിന്തുണയ്ക്കും, എന്നാൽ, പൊതു സ്വത്തിൽ ക്യാമ്പുകൾ തുടരാൻ അനുവദിക്കില്ല, മേയർ അലക്സ് നട്ടാൽ പറഞ്ഞു. ഭവനരഹിതരെ ഒഴിവാക്കി നഗരത്തിലെ തെരുവുകളും പാർക്കുകളും പൊതുസ്ഥലങ്ങളും വീണ്ടെടുക്കുമെന്ന് മേയർ അറിയിച്ചു. അതേസമയം ക്യാമ്പുകൾ പൊളിച്ചുമാറ്റുന്നത് എപ്പോൾ നടപ്പാക്കുമെന്ന് വ്യക്തമല്ല. അതേസമയം ബാരിയുടെ ക്യാമ്പ്‌മെൻ്റ് പ്രോട്ടോക്കോളുകൾ കൂടുതൽ ശക്തമായി നടപ്പിലാക്കാനും, ഉയർന്ന അപകടസാധ്യതയുള്ളതായി കണക്കാക്കപ്പെടുന്ന സ്ഥലങ്ങൾ പൊളിച്ചുമാറ്റുന്നതിന് മുൻഗണന നൽകാനും, ആവശ്യമെങ്കിൽ പുറത്തുനിന്നുള്ള കോൺട്രാക്ടർമാരെ നിയമിക്കാനും അടിയന്തരാവസ്ഥ പ്രഖ്യാപനം നഗര ജീവനക്കാർക്ക് അധികാരം നൽകും.