വൻകൂവർ : ബ്രിട്ടിഷ് കൊളംബിയ പ്രീമിയർ ഡേവിഡ് എബിയുടെ ജനപ്രീതിയിൽ വൻ ഇടിവ് നേരിടുന്നതായി പുതിയ സർവേ ഫലം. ഈ വർഷം ജൂണിന് ശേഷം അദ്ദേഹത്തിന്റെ അംഗീകാര റേറ്റിങ്ങിൽ അഞ്ച് ശതമാനം കുറവുണ്ടായതായി ആൻഗസ് റീഡ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ സർവേയിൽ പറയുന്നു. നിലവിൽ 41 ശതമാനം ആളുകൾ മാത്രമാണ് പ്രീമിയറിന്റെ ഭരണത്തിൽ സംതൃപ്തരാണെന്ന് അഭിപ്രായപ്പെട്ടത്. കഴിഞ്ഞ ആറ് മാസത്തിനിടെ 12 % ഇടിവ് രേഖപ്പെടുത്തി. 2022 നവംബറിൽ അധികാരമേറ്റ ശേഷം എബിക്ക് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ റേറ്റിങ്ങാണിത്.

ജീവിതച്ചെലവ്, ആരോഗ്യ സംരക്ഷണം തുടങ്ങിയ പ്രധാന വിഷയങ്ങളിൽ സർക്കാർ സ്വീകരിച്ച നിലപാടുകളിലുള്ള അതൃപ്തിയാണ് ഈ ജനപ്രീതി കുറയാൻ കാരണം. എൻഡിപി അനുഭാവികൾക്കിടയിൽ പോലും സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ഭിന്നാഭിപ്രായങ്ങളുണ്ടെന്നും സർവേ ഫലങ്ങൾ പറയുന്നു. സമീപകാലത്തെ തൊഴിൽ സമരങ്ങൾ, തദ്ദേശീയ ഭൂമിയുടെ ഉടമസ്ഥാവകാശം, സാമ്പത്തിക കമ്മി എന്നിവയും ജനപിന്തുണ കുറയ്ക്കാൻ കാരണമായിട്ടുണ്ട്.

കാനഡയിലെ പ്രീമിയർമാരുടെ റാങ്കിങ്ങിൽ എബി ഇപ്പോൾ ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡിനൊപ്പം അവസാന സ്ഥാനത്തിന് തൊട്ടുമുന്നിലാണ്. കെബെക്ക് പ്രധാനമന്ത്രി ഫ്രാൻസ്വാ ലെഗോൾട്ടാണ് 22 ശതമാനം റേറ്റിങ്ങോടെ ഏറ്റവും പിന്നിൽ. അതേസമയം, 61 ശതമാനം അംഗീകാര റേറ്റിങ്ങോടെ മാനിറ്റോബ പ്രീമിയർ വാബ് കിന്യൂവാണ് പട്ടികയിൽ ഒന്നാമത്.