എഡ്മിന്റൻ : കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് എഡ്മിന്റനില്‍ വെടിവെപ്പുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായതായി പൊലീസ് റിപ്പോര്‍ട്ട്. ഈ വര്‍ഷം ഓഗസ്റ്റില്‍ 10 വെടിവെപ്പുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് എഡ്മിന്റൻ പൊലീസ് (ഇപിഎസ്) വ്യക്തമാക്കി. ജൂലൈയില്‍ രേഖപ്പെടുത്തിയത് ഒമ്പത് വെടിവെപ്പുകളാണ്.
2025 ല്‍ ഇതുവരെ 91 വെടിവെപ്പുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2024 ല്‍ ഇതേ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 85 വെടിവെപ്പുകളേക്കാൾ ഏഴ് ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വര്‍ഷം ഓഗസ്റ്റില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 10 വെടിവെപ്പുകളില്‍ ആറെണ്ണം ലക്ഷ്യം വെച്ചുള്ളതാണെന്നും നാല് സംഭവങ്ങളില്‍ ഇരകള്‍ക്ക് ഗുരുതര പരുക്കേറ്റതായും ഇപിഎസ് പറയുന്നു. വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ചെയ്തു.

ഈ വര്‍ഷം ഇതുവരെ അനധികൃതമായി കൈവശം വെച്ച 495 തോക്കുകള്‍ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 538 തോക്കുകളാണ് പിടിച്ചെടുത്തത്.