ഓട്ടവ : കനേഡിയൻ സർക്കാർ ഏജൻസികളായ കാനഡ റവന്യൂ ഏജൻസി (CRA), എംപ്ലോയ്മെന്റ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് കാനഡ (ESDC), കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA) എന്നിവയ്ക്കുനേരെ സൈബർ ആക്രമണമുണ്ടായതായി റിപ്പോർട്ട്. ഉപയോക്താക്കളുടെ ഫോൺ നമ്പറുകളും ഇമെയിൽ വിലാസങ്ങളും സൈബർ ആക്രമണത്തിൽ ചോർന്നതായി കനേഡിയൻ സർക്കാർ അറിയിച്ചു. ഓഗസ്റ്റ് 3 നും 15 നും ഇടയിൽ മൾട്ടി-ഫാക്ടർ ഓതന്റിക്കേഷൻ സേവനം ഉപയോഗിച്ചവരുടെ വിവരങ്ങൾ ചോർന്നതിനെത്തുടർന്ന് 2Keys കോർപ്പറേഷൻ എന്ന സ്ഥാപനം ഓഗസ്റ്റ് 17-ന് സർക്കാരിന് മുന്നറിയിപ്പ് നൽകുകയായിരുന്നു. പതിവായുള്ള സോഫ്റ്റ്വെയർ അപ്ഡേറ്റിനിടെ ഉണ്ടായ സാങ്കേതിക പിഴവാണ് ചോർച്ചയ്ക്ക് കാരണമായതെന്ന് ട്രഷറി ബോർഡ് ഓഫ് കാനഡ സെക്രട്ടേറിയറ്റ് വ്യക്തമാക്കി.

ഉപയോക്താക്കളുടെ ഫോൺ നമ്പറുകളിലേക്ക് സർക്കാർ വെബ്സൈറ്റ് പോലെ തോന്നിക്കുന്ന ലിങ്ക് അടങ്ങിയ സ്പാം സന്ദേശങ്ങൾ അയച്ചതായും സർക്കാർ അറിയിച്ചു. നിലവിൽ മൾട്ടി-ഫാക്ടർ ഓതന്റിക്കേഷൻ സേവനം പുനഃസ്ഥാപിച്ചതായും, കൂടുതൽ പ്രധാനപ്പെട്ട വ്യക്തിഗത വിവരങ്ങൾ ചോർന്നതായി സൂചനകളില്ലെന്നും ട്രഷറി ബോർഡ് വ്യക്തമാക്കി.