ഓട്ടവ: കാനഡയും അമേരിക്കയും സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നതായി മുൻ ബാങ്ക് ഓഫ് കാനഡ ഗവർണർ സ്റ്റീഫൻ പോളോസ്. താരിഫ്, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, സാമ്പത്തിക അനിശ്ചിതത്വം എന്നിവയുടെ പശ്ചാത്തലത്തിൽ സമ്പദ്‌വ്യവസ്ഥ ദുർബലമാകുന്നതായി പോളോസ് ചൂണ്ടിക്കാട്ടി.

‘നമുക്ക് രണ്ട് സമ്പദ്‌വ്യവസ്ഥകളുണ്ട്, വാസ്തവത്തിൽ, അവ മാന്ദ്യത്തിലല്ല, മറിച്ച് ആ ദിശയിലേക്ക് നീങ്ങുകയാണെന്ന് പറയാം,” പോളോസ് പറഞ്ഞു. തൊഴിൽ വിപണിയിലെ കണക്കുകളിൽ ഈ മാന്ദ്യം ദൃശ്യമാണെന്ന് പോളോസ് വ്യക്തമാക്കി. കാനഡയിലെ തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റിൽ 7.1% ആയി ഉയർന്നു, 66,000 തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടതായും 2016 മെയ് മാസത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുവാക്കളുടെ തൊഴിലില്ലായ്മ 14.5 ശതമാനമായി. കൂടാതെ കൃത്രിമബുദ്ധിയുടെ സ്വാധീനം ഇതിൽ ഉണ്ടാകാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം കാനഡ നേരിട്ട സാമ്പത്തിക പ്രതിസന്ധി അമേരിക്കയ്ക്ക് നേരിടേണ്ടിവന്നിട്ടില്ലെന്നും ഭവന, തൊഴിൽ വിപണികളിൽ സമാനമായ മാന്ദ്യത്തിന്റെ ലക്ഷണങ്ങൾ കാണുന്നതായും പോളോസ് പറഞ്ഞു.