വിനിപെഗ്: പ്രവിശ്യയിലെ ഏറ്റവും വലിയ ആശുപത്രിയായ ഹെൽത്ത് സയൻസസ് സെന്ററിന് കൂടുതൽ സുരക്ഷ ഒരുക്കുന്നതിനായി 23 ലക്ഷം ഡോളറിന്റെ ധനസഹായം പ്രഖ്യാപിച്ച് മാനിറ്റോബ സർക്കാർ. വർധിച്ചുവരുന്ന സുരക്ഷാ ആശങ്കകൾ കാരണം, ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിൽ ഇനി മുതൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം 24 മണിക്കൂറും ലഭ്യമാവും. ആശുപത്രി ജോലി വളരെ അപകടകരമാണെന്ന് കഴിഞ്ഞ മാസം നഴ്സുമാർ പറഞ്ഞതിനെ തുടർന്നാണ് ഈ നടപടി.

ആശുപത്രിയിൽ പ്രതിസന്ധിയിലായ ആളുകളെ സഹായിക്കാൻ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് നീതിന്യായ മന്ത്രി മാറ്റ് വീബെ പറഞ്ഞു. ഓഫീസർമാർക്ക് പണം നൽകുന്നതിനും ആശുപത്രിയുടെ പ്രധാന കവാടങ്ങളിൽ അഞ്ച് പുതിയ ആയുധം കണ്ടെത്താനുള്ള സ്കാനറുകൾ സ്ഥാപിക്കുന്നതിനുമായി ഈ ധനസഹായം ഉപയോഗപ്പെടുത്തുമെന്ന് അധികൃതർ പറഞ്ഞു.