നേപ്പാളിലെ ആഭ്യന്തര സംഘര്‍ഷം അവസാനിപ്പിക്കാന്‍ ആഹ്വാനവുമായി നേപ്പാള്‍ സൈന്യം. പ്രധാനമന്ത്രിയും പ്രസിഡന്റും രാജിവെച്ചതിന് പിന്നാലെ നേപ്പാളിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്നും പ്രക്ഷോഭകരോട് സൈന്യം അഭ്യര്‍ത്ഥിച്ചു. നഗരത്തില്‍ സൈന്യത്തെ വിന്യസിച്ചു.
നേപ്പാളിനെയും ജനങ്ങളെയും സംരക്ഷിക്കുന്നതിനുള്ള പ്രാഥമിക ഉത്തരവാദിത്തം സൈന്യം ഏറ്റെടുക്കുമെന്ന് വ്യക്തമാക്കി. എല്ലാ പൗരന്മാരോടും സഹകരണത്തിനായി സൈന്യം ആത്മാര്‍ത്ഥമായി അഭ്യര്‍ത്ഥിക്കുന്നു. നേപ്പാളിനെ ഇളക്കിമറിച്ച സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനൊടുവില്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലിയും പ്രസിഡന്റ് രാംചന്ദ്ര പൗഡേലും രാജിവെച്ചിരുന്നു. ഇരുവരും സൈന്യത്തിന്റെ സുരക്ഷിത കേന്ദ്രത്തിലാണെന്നാണ് റിപ്പോര്‍ട്ട്.

ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയുള്‍പ്പെടെ 26 സാമൂഹികമാധ്യമങ്ങള്‍ നിരോധിച്ച സര്‍ക്കാര്‍ നടപടിക്കുമെതിരെ തുടങ്ങിയ യുവാക്കളുടെ പ്രക്ഷോഭം സര്‍ക്കാരിന്റെ അഴിമതിക്കും ദുര്‍ഭരണത്തിനും എതിരായ ബഹുജന പ്രക്ഷോഭമായി മാറുകയായിരുന്നു. സമരം തണുപ്പിക്കാന്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഇന്നലെ രാത്രി പിന്‍വലിച്ചെങ്കിലും പ്രക്ഷോഭത്തില്‍ നിന്ന് സമരക്കാര്‍ പിന്‍മാറിയില്ല..പ്രധാനമന്ത്രി കെ.പി ശര്‍മ ഒലിയുടെ രാജിക്ക് വേണ്ടിയുള്ള പ്രക്ഷോഭം കലാപമായി മാറുകയായിരുന്നു. യുവാക്കളുടെ പ്രക്ഷോഭം സുരക്ഷാസേന അടിച്ചമര്‍ത്താന്‍ തുടങ്ങിയതോടെയാണ് അക്രമാസക്തമായത്. സംഘര്‍ഷത്തില്‍ 19 പേര്‍ മരിച്ചിരുന്നു. 347 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.