കഠ്മണ്ഡു: നേപ്പാളില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അതിരൂക്ഷം. മുന്‍ പ്രധാനമന്ത്രി ജലനാഥ് ഖനലിന്റെ ഭാര്യ രാജ്യലക്ഷ്മി ചിത്രകാര്‍ തീപിടിച്ച വീട്ടില്‍ കുടുങ്ങി വെന്തുമരിച്ചു. ധനകാര്യമന്ത്രി ബിഷ്ണു പൗഡേലിനെ ജനക്കൂട്ടം തെരുവില്‍ ആക്രമിച്ചു. നേപ്പാളി കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ഷെര്‍ ബഹാദുര്‍ ദുബെയുടെ വീടാക്രമിച്ച പ്രക്ഷോഭകാരികള്‍ അദ്ദേഹത്തിന്റെ ഭാര്യയും വിദേശകാര്യമന്ത്രിയുമായ അര്‍സു റാണയെ കയ്യേറ്റം ചെയ്തു.
പ്രധാനമന്ത്രി, മുന്‍ പ്രധാനമന്ത്രിമാര്‍, മന്ത്രിമാര്‍ എന്നിവരുടേതടക്കം ഉന്നത രാഷ്ട്രീയ നേതാക്കളുടെ വസതികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രക്ഷോഭകര്‍ തീയിട്ടു. പ്രക്ഷോഭകര്‍ പാര്‍ലമെന്റിനും സുപ്രീംകോടതിക്കും പ്രസിഡന്റിന്റെ ഓഫിസിനും തീയിട്ടു. കഠ്മണ്ഡു വിമാനത്താവളം താല്‍ക്കാലികമായി അടച്ചു.

സമൂഹമാധ്യമ നിരോധനത്തിനെതിരെ ആരംഭിച്ച പ്രക്ഷോഭം രൂക്ഷമായതോടെ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലാണ് നേപ്പാള്‍. പ്രധാനമന്ത്രി കെ.പി.ശര്‍മ ഒലി ഇന്നലെ രാജിവച്ചു. സുരക്ഷാ ചുമതല സൈന്യം ഏറ്റെടുത്തു. പ്രക്ഷോഭകരുമായി ചര്‍ച്ചയ്ക്ക് തയാറാകണമെന്ന് ൈസന്യം ആവശ്യപ്പെട്ടു.