ഓട്ടവ : ഓപ്പൺ എഐയ്‌ക്കെതിരെ പകർപ്പവകാശ ലംഘനത്തിന് കേസ് നൽകി The Canadian Press, Torstar, The Globe and Mail, Postmedia, CBC/Radio-Canada അടക്കമുള്ള കനേഡിയൻ മാധ്യമ സ്ഥാപനങ്ങൾ. തങ്ങളുടെ വാർത്താ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ChatGPT-യെ പരിശീലിപ്പിക്കാൻ ഉപയോഗിച്ചു എന്നാണ് ആരോപണം.
എന്നാൽ, ഒന്റാരിയോ കോടതിയിൽ കേസ് പരിഗണിക്കാനുള്ള അധികാരം ചോദ്യം ചെയ്ത് ഓപ്പൺ എഐ രംഗത്തെത്തി. തങ്ങളുടെ ആസ്ഥാനം സാൻ ഫ്രാൻസിസ്കോയിലാണെന്നും കാനഡയ്ക്ക് പുറത്താണ് ഈ വിവര ശേഖരണം നടന്നതെന്നും അതിനാൽ കേസ് യുഎസ് കോടതിയിൽ പരിഗണിക്കണം എന്നുമാണ് ഓപ്പൺ എഐയുടെ വാദം.

അതേസമയം, കേസ് ഒന്റാരിയോയിൽ തന്നെ നടക്കണമെന്ന് കനേഡിയൻ മാധ്യമ സ്ഥാപനങ്ങൾ ആവശ്യപ്പെട്ടു. ഉള്ളടക്കങ്ങൾ കൂടുതലും ഒന്റാരിയോയിലാണ് നിർമ്മിക്കപ്പെട്ടതെന്നും, തങ്ങളുടെ ആസ്ഥാനങ്ങൾ അവിടെയാണെന്നും അവർ കോടതിയെ അറിയിച്ചു. ഈ വിഷയത്തിൽ കാനഡയുടെ പരമാധികാരം വളരെ പ്രധാനമാണെന്നും അവർ ചൂണ്ടിക്കാട്ടി.

ഇത്തരത്തിൽ പകർപ്പവകാശമുള്ള വിവരങ്ങൾ എഐയെ പരിശീലിപ്പിക്കാൻ ഉപയോഗിക്കുന്നത് സംബന്ധിച്ച് കാനഡയിലെ ആദ്യത്തെ കേസാണ് ഇത്.