എഡ്മിന്റൻ : പാർലമെന്റ് സമ്മേളനം അടുത്തയാഴ്ച പുനരാരംഭിക്കാനിരിക്കെ, എഡ്മിന്റൻ സന്ദർശിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി. സമ്മേളനത്തിന് മുന്നോടിയായി പാർട്ടിയെ സജ്ജമാക്കാൻ ലിബറൽ പാർട്ടി എംപിമാരെ അഭിസംബോധന ചെയ്ത് സംസാരിക്കും. പാർട്ടിക്ക് പുതിയ ഊർജ്ജം നൽകി, സഭയിൽ പ്രതിപക്ഷത്തെ നേരിടാനുള്ള ഒരുക്കത്തിലാണ് കാർണി. വ്യാപാരം, സാമ്പത്തിക വിഷയങ്ങൾ, വ്യാവസായിക പദ്ധതികൾ ആരംഭിക്കുന്നതിനുള്ള സർക്കാരിന്റെ ശ്രമങ്ങൾ എന്നിവയെക്കുറിച്ച് ചർച്ച ചെയ്യുന്നതിൽ ലിബറൽ എംപിമാരുടെ യോഗം ശ്രദ്ധ ചെലുത്തും.
അടുത്ത മാസം പ്രഖ്യാപിക്കാനിരിക്കുന്ന ആദ്യ ഫെഡറൽ ബജറ്റിന് മുന്നോടിയായാണ് ഈ കൂടിക്കാഴ്ച. ബജറ്റിൽ ചെലവ് ചുരുക്കൽ നടപടികൾക്കൊപ്പം പുതിയ പദ്ധതികളും ഉണ്ടാകുമെന്ന് കാർണി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഓരോ വകുപ്പുകളിലെയും പ്രവർത്തനച്ചെലവുകൾ കുറയ്ക്കാൻ സാധിക്കുന്ന മേഖലകൾ കണ്ടെത്താൻ അദ്ദേഹം തന്റെ മന്ത്രിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ മാസം ആൽബർട്ടയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച കൺസർവേറ്റീവ് ലീഡർ പിയേർ പൊളിയേവിനെ പാർലമെന്റിൽ ആദ്യമായി നേരിടാനുള്ള തയ്യാറെടുപ്പിലാണ് കാർണി.