എഡ്മിന്റന്‍ : ഹ്രസ്വകാല വാടക വീടുകൾക്ക് (Airbnb, Vrbo പോലുള്ളവ) പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി എഡ്മിന്റന്‍ സിറ്റി. ഹോട്ടൽ വ്യവസായത്തിന്റെ എതിർപ്പുകൾ ശക്തമാകുന്നതിനിടെയാണ് സിറ്റിയുടെ നീക്കം. ഇത്തരം വാടക വീടുകൾക്കെതിരെയുള്ള പരാതികൾ കുറവാണെങ്കിലും, ഇവ മൂലമുണ്ടാകുന്ന നികുതി വെട്ടിപ്പുകൾ ചൂണ്ടിക്കാട്ടിയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കൗൺസിൽ തീരുമാനിച്ചത്. നിലവിൽ ഹോട്ടലുകൾക്ക് ബാധകമായ ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങളും നികുതികളും ഈ വാടക വീടുകൾക്ക് ബാധകമാക്കാനും സിറ്റി പദ്ധതിയിടുന്നുണ്ട്.

അതേസമയം, പുതിയ നിയമങ്ങൾ രൂപപ്പെടുത്താൻ ഒരു വർഷത്തോളമെടുക്കുമെന്നാണ് പ്രതീക്ഷ. മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരുടെ ശുപാർശയെ അവഗണിച്ചാണ് ഈ നീക്കം. ഹ്രസ്വകാല വാടക വീടുകൾക്ക് ബിസിനസ് ലൈസൻസും വാണിജ്യ നികുതിയും ഏർപ്പെടുത്താനും എഡ്മിന്റന്‍ സിറ്റി പദ്ധതിയിടുന്നുണ്ട്. അതിനിടെ, പ്രശ്നങ്ങളുണ്ടാക്കുന്ന വാടക വീടുകളെക്കുറിച്ച് പരാതി നൽകാൻ മുനിസിപ്പൽ കൗൺസിലർമാർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.