ടൊറൻ്റോ : പ്രവിശ്യയിലെ രോഗപ്രതിരോധശേഷി കുറഞ്ഞവർക്കും മുൻഗണനാ വിഭാഗക്കാർക്കുമുള്ള COVID-19, ഫ്ലൂ വാക്സിൻ വിതരണം സെപ്റ്റംബർ അവസാനത്തോടെ ആരംഭിക്കുമെന്ന് ഒൻ്റാരിയോ സർക്കാർ അറിയിച്ചു. തുടർന്ന് ഒക്ടോബർ 27 ന് പൊതുജനങ്ങൾക്കുള്ള വാക്സിൻ വിതരണം ആരംഭിക്കും. സെപ്റ്റംബർ 22 മുതൽ ശരത്കാല രോഗപ്രതിരോധ പരിപാടി ആരംഭിക്കാൻ തയ്യാറെടുക്കുകയാണെന്ന് ഒൻ്റാരിയോ ആരോഗ്യ മന്ത്രി സിൽവിയ ജോൺസ് പ്രഖ്യാപിച്ചു.

ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികൾ, ആശുപത്രി ജീവനക്കാർ, ലോങ് ടേം കെയർ ഹോമുകൾ, മറ്റ് കോൺഗ്രഗേറ്റ് ക്രമീകരണങ്ങൾ എന്നിവയിലെ താമസക്കാർ, ജീവനക്കാർ, 65 വയസ്സും അതിൽ കൂടുതലുമുള്ള വ്യക്തികൾ എന്നിവരുൾപ്പെടെ പ്രവിശ്യയിൽ താമസിക്കുന്ന, ജോലി ചെയ്യുന്ന, പഠിക്കുന്ന അപകടസാധ്യതയുള്ള, മുൻഗണനാ വിഭാഗക്കാർക്ക് വാക്സിനുകൾ എടുക്കാൻ കഴിയും. സെപ്റ്റംബർ 22-ന്, 60 നും 74 നും ഇടയിൽ പ്രായമുള്ളവർക്കും 75 വയസ്സും അതിൽ കൂടുതലുമുള്ളവർക്കും RSV വാക്സിനുകൾ വിതരണം ചെയ്യും. സെപ്റ്റംബർ 29 മുതൽ, ഉയർന്ന അപകടസാധ്യതയുള്ളവർക്ക് ഫ്ലൂ വാക്സിനുകൾ ലഭ്യമാകും. ആദ്യഘട്ടത്തിൽ എട്ട് മാസം വരെ പ്രായമുള്ള യോഗ്യരായ നവജാതശിശുക്കൾക്കും രണ്ടാമത്തെ ഘട്ടത്തിൽ 24 മാസം വരെ പ്രായമുള്ള കുട്ടികൾക്കും ഗർഭിണികൾക്കും ഒക്ടോബർ 1 ന് RSV വാക്സിൻ വിതരണം ചെയ്യും. മറ്റുള്ളവർക്ക് ഒക്ടോബർ 27-ന് ഫാർമസികളിലും ചില പൊതുജനാരോഗ്യ യൂണിറ്റുകളിലും നഴ്‌സ് ഓഫീസുകളിലും COVID-19, ഫ്ലൂ വാക്സിനുകൾ എടുക്കാൻ കഴിയും.