മൺട്രിയോൾ : കെബെക്ക് മുനിസിപ്പൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി. നവംബർ 2-ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ ഒക്ടോബർ 26-ന് മുൻകൂർ വോട്ടെടുപ്പ് ആരംഭിക്കും. പ്രചാരണത്തിന് തുടക്കമായതോടെ വെള്ളിയാഴ്ച രാവിലെ തന്നെ തെരുവുകളിൽ നിരവധി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. കെബെക്ക് സർക്കാർ ഡാറ്റ പ്രകാരം, പ്രവിശ്യയിലെ 1,100 മുനിസിപ്പാലിറ്റികളിലായി നവംബർ 2-ന് ഏകദേശം 8,000 മുനിസിപ്പൽ പദവികളിലേക്ക് തിരഞ്ഞെടുപ്പ് നടക്കും. മത്സരാർത്ഥികൾക്ക് ഒക്ടോബർ 3 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ സമയമുണ്ട്.

പ്രവിശ്യയിലെ ഏറ്റവും വലിയ നഗരമായ മൺട്രിയോളിന്‍റെ തലപ്പത്ത് മാറ്റം ഉണ്ടാകുമെന്ന് ഇതിനികം ഉറപ്പായിട്ടുണ്ട്. നിലവിലെ മേയറായ വലേരി പ്ലാന്‍റെ മൂന്നാം തവണയും മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ലൂക്ക് റബൂയിൻ, സൊറായ മാർട്ടിനെസ് ഫെറാഡ, ക്രെയ്ഗ് സോവ് എന്നിവരാണ് മെട്രോപോളിസിലെ പ്രധാന സ്ഥാനാർത്ഥികൾ. പ്രവിശ്യാ തലസ്ഥാനമായ കെബെക്ക് സിറ്റിയിൽ മേയർ ബ്രൂണോ മാർചൻഡ് വീണ്ടും മത്സരിക്കുന്നുണ്ട്. 2021-ൽ റെജിസ് ലാബ്യൂമിന് ശേഷം മേയർ സ്ഥാനത്തേക്ക് വന്ന ബ്രൂണോ മുൻ പ്രവിശ്യാ മന്ത്രി സാം ഹമദ് ഉൾപ്പെടെയുള്ളവരുമായാണ് മത്സരിക്കുന്നത്.

സ്റ്റെഫാൻ ബോയർ (ലാവൽ), കാതറിൻ ഫോർണിയർ (ലോങ്‌യുയിൽ), ജൂലി ഡുഫോർ (സാഗുനെ) എന്നിവർ വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടും. സാഗുനെയിൽ, ഡുഫോർ, അടുത്ത കാലം വരെ മുനിസിപ്പൽ കാര്യ മന്ത്രിയായിരുന്ന ആൻഡ്രി ലാഫോറെസ്റ്റിനെയാണ് നേരിടുന്നത്. ഫ്രാൻസ് ബെലിസലിന്‍റെ രാജിയെത്തുടർന്ന് കഴിഞ്ഞ വർഷം നടന്ന ഉപതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ട ഗാറ്റിനോ മേയർ മൗഡ് മാർക്വിസ്-ബിസോണെറ്റും മത്സരരംഗത്തുണ്ട്. അതേസമയം എവെലിൻ ബ്യൂഡിൻ (ഷെർബ്രൂക്ക്), ഗില്ലസ് ലെഹൂലിയർ (ലെവിസ്), ജീൻ ലാമാർച്ചെ (ട്രോയിസ്-റിവിയേഴ്സ്) എന്നിവർ സ്ഥാനമൊഴിയും.