മിസ്സിസാഗ : സീറോ മലബാർ കത്തോലിക്കാ സഭ മിസ്സിസാഗ രൂപതയുടെ പത്താം വാർഷികാഘോഷം സമാപിച്ചു. വിവിധ പരിപാടികളോടെ മിസ്സിസാഗ സെൻ്റ് അൽഫോൻസാ സീറോ മലബാർ കത്തീഡ്രലിലാണ് സമാപന ചടങ്ങുകൾ നടന്നത്. രാവിലെ ഒമ്പത് മണിക്ക് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന്‍റെ മുഖ്യകാർമ്മികത്വത്തിൽ കുർബാനയോട് കൂടിയാണ് സമാപന ചടങ്ങുകൾ ആരംഭിച്ചത്. ചടങ്ങിൽ ടൊറൻ്റോ അതിരൂപത ആർച്ച് ബിഷപ്പ് കർദിനാൾ ഫ്രാൻസിസ് ലിയോ, ഷിക്കാഗോ രൂപതയുടെ പ്രഥമ മെത്രാൻ മാർ ജേക്കബ് അങ്ങാടിയാത്ത്, മിസ്സിസാഗ രൂപതാ അധ്യക്ഷൻ മാർ ജോസ് കല്ലുവേലി, പാർലമെൻ്റ് അംഗം റിച്ചി വാലിഡൈസ്, MPP ഷെറിഫ് സബാവെ തുടങ്ങിയവർ മുഖ്യാതിഥികളായിരുന്നു.

കുർബാനയ്ക്കും തുടർന്ന് നടന്ന സമാപന സമ്മേളനത്തിലും അമ്പതോളം വൈദികരും, കാനഡയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കന്മാരും വിവിധ ഇടവകകളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു. ചടങ്ങിൽ രൂപതയുടെ പത്ത് വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള പ്രത്യേക അവതരണവും തുടർന്ന് സ്നേഹവിരുന്നും ഒരുക്കിയിരുന്നു.