പാരിസ്: കഴിഞ്ഞ സീസണിലെ മികച്ച ലോക ഫുട്ബോളർക്കുള്ള ബലോൻ ദ് ഓർ പുരസ്കാരം ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ താരം ഉസ്മാൻ ഡെംബലെയ്ക്ക്. പിഎസ്ജിയെ ചരിത്രത്തിലാദ്യത്തെ ചാംപ്യൻസ് ലീഗ് കിരീടത്തിലേക്കു നയിച്ച ഡെംബലെയുടെ മികവു പരിഗണിച്ചാണ് പുരസ്‌കാരം.
സിനദിന്‍ സിദാനും കരിം ബെൻസേമയ്ക്കും ശേഷം ബലോൻ ദ് ഓർ വിജയിക്കുന്ന ഫ്രഞ്ച് ഫുട്ബോളറാണ് ഡെംബലെ. 2024–25 സീസണിൽ പിഎസ്ജിയെ യുവേഫ ചാംപ്യൻസ് ലീഗിലും ലീഗ് വണ്ണിലും കൂപെ ദ് ഫ്രാൻസിലും കിരീടങ്ങൾ വിജയിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.

സ്പാനിഷ് ക്ലബ് ബാർസിലോനയുടെ മിഡ്ഫീൽഡർ അയ്റ്റാന ബോൺമറ്റി ഇത്തവണയും മികച്ച വനിതാ താരത്തിനുള്ള ബലോൻ ദ് ഓർ ഫെമിനിൻ പുരസ്കാരം നേടി. തുടർച്ചയായ മൂന്നാം തവണയാണ് അയ്റ്റാന ബോൺമറ്റി ബലോൻ ദ് ഓർ ഫെമിനിൻ പുരസ്കാരത്തിന് അർഹയാകുന്നത്.
മികച്ച യുവതാരത്തിനുള്ള കോപ്പ ട്രോഫി ബാർസിലോനയുടെ സ്പാനിഷ് താരം ലമീൻ യമാൽ സ്വന്തമാക്കി. 21 വയസ്സിനു താഴെയുള്ള താരങ്ങൾക്കു നൽകുന്ന ഈ പുരസ്കാരം തുടർച്ചയായ രണ്ടാം തവണയാണ് 18 വയസുകാരനായ ലമീൻ യമാൽ കോപ്പ ട്രോഫിക്ക് അർഹനാകുന്നത്. മികച്ച യുവ വനിതാതാരത്തിനുള്ള കോപ്പ ട്രോഫി ബാർസിലോനയുടെ സ്പാനിഷ് താരം വിക്കി ലോപ്പസ് സ്വന്തമാക്കി.

വനിതാ ഫുട്ബോളിൽ മികച്ച പരിശീലകയ്‌ക്കുള്ള യൊഹാൻ ക്രൈഫ് പുരസ്കാരം ഇംഗ്ലണ്ടിന്റെ സെറീന വീഗ്മാന്‍ കരസ്‌ഥമാക്കി. പുരുഷ ഫുട്ബോളിൽ മികച്ച പരിശീലകനുള്ള യൊഹാൻ ക്രൈഫ് പുരസ്കാരം പിഎസ്ജിയുടെ ലൂയി എൻറിക്വെ സ്വന്തമാക്കി. മികച്ച ഗോൾകീപ്പർക്കുള്ള ലെവ് യാഷിൻ പുരസ്കാരം വനിതാ വിഭാഗത്തിൽ ചെൽസി താരം ഹന്നാ ഹാംടനും പുരുഷ വിഭാഗത്തിൽ ഇറ്റലിയുടെ ജിയാൻല്യൂജി ഡൊന്നരുമ്മയും സ്വന്തമാക്കി.
ഏവ പയോർ (പോളണ്ട്, ബാർസിലോന), വിക്ടര്‍ യോക്കരസ് (സ്വീഡൻ, ആർസനൽ) എന്നിവർ മികച്ച സ്ട്രൈക്കർക്കുള്ള ഗേർഡ് മുള്ളർ പുരസ്കാരം പങ്കിട്ടു. വനിതാ വിഭാഗത്തിൽ ആർസനലാണ് മികച്ച ക്ലബ്. പുരുഷ വിഭാഗത്തിൽ മികച്ച ക്ലബായി പിഎസ്ജി തിരഞ്ഞെടുക്കപ്പെട്ടു. ഫുട്ബോളിലൂടെയുള്ള സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾക്കുള്ള സോക്രട്ടീസ് പുരസ്കാരം സാനാ ഫൗണ്ടേഷന് സമ്മാനിച്ചു. അർബുദത്തിനു കീഴടങ്ങിയ മുൻ ബാർസിലോന പരിശീലകൻ ലൂയി എൻറിക്വെയുടെ മകൾ സാനായുടെ സ്‌മരണാർഥം ജീവന് ഭീഷണിയായ രോഗങ്ങളുള്ള കുട്ടികൾക്കും യുവജനങ്ങൾക്കും പിന്തുണ നൽകുന്നതിനായി ലൂയി എൻറിക്വെ ആരംഭിച്ചതാണ് സാനാ ഫൗണ്ടേഷൻ.