സെന്റ് ജോൺസ് : ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോറിൽ യൂണിയനുകളും സ്വകാര്യ കമ്പനികളും പ്രധാന രാഷ്ട്രീയ പാർട്ടികൾക്ക് തിരഞ്ഞെടുപ്പ് ഫണ്ട് നൽകുന്നതിനെച്ചൊല്ലി വിവാദം. കോർപ്പറേഷനുകൾ, യൂണിയനുകൾ, വ്യക്തികൾ എന്നിവരിൽ നിന്നുള്ള സംഭാവനകൾക്ക് പരിധികളില്ലാത്ത കാനഡയിലെ രണ്ട് പ്രവിശ്യകളിൽ ഒന്നാണ് ന്യൂഫിൻലൻഡ്. ഈ സമ്പ്രദായം വളരെക്കാലമായി ഒരു പ്രശ്നമാണെന്ന് രാഷ്ട്രീയ നിരീക്ഷകൻ കെല്ലി ബ്ലിഡൂക്ക് അഭിപ്രായപ്പെട്ടു. പണം നൽകി സർക്കാരിന്റെ നയങ്ങളിൽ സ്വാധീനം ചെലുത്താൻ ശ്രമിക്കുന്നത് താൽപ്പര്യങ്ങളുടെ സംഘർഷത്തിന് കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

2024-ൽ ലിബറൽ പാർട്ടിക്ക് സ്വകാര്യ കമ്പനികളിൽ നിന്നും വ്യവസായ ഗ്രൂപ്പുകളിൽ നിന്നും 6.8 ലക്ഷം ഡോളറിലധികം സംഭാവന ലഭിച്ചിരുന്നുവെന്ന് പ്രവിശ്യയുടെ തിരഞ്ഞെടുപ്പ് ഓഫീസിൽ നിന്നുള്ള രേഖകൾ കാണിക്കുന്നു. ഈ കമ്പനികളിൽ പലതും സർക്കാർ ഫണ്ടുകളും കരാറുകളും കാത്തിരിക്കുന്നവയാണ്. പ്രോഗ്രസ്സീവ് കൺസർവേറ്റീവ് പാർട്ടിക്കും 75,000 ഡോളറിലധികം കോർപ്പറേറ്റ് സംഭാവനകൾ ലഭിച്ചു. എൻഡിപിക്ക് യൂണിയനുകളിൽ നിന്ന് 41,000 ഡോളർ ലഭിച്ചുതായും രേഖയിൽ പറയുന്നു. അതേസമയം, എൻഡിപി നേതാവ് ജിം ദിൻ കോർപ്പറേറ്റ്, യൂണിയൻ സംഭാവനകൾ അവസാനിപ്പിച്ച് വ്യക്തിഗത സംഭാവനകൾക്ക് പരിധി ഏർപ്പെടുത്തുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.