ഫ്രെഡറിക്ടൺ : മാരിടൈംസ് പ്രവിശ്യകളിൽ കൊടും ചൂടിനും വരൾച്ചയ്ക്കും പിന്നാലെ ബ്ലൂബെറി കർഷകർ കനത്ത നഷ്ടം നേരിടുന്നതായി റിപ്പോർട്ട്. ന്യൂ ബ്രൺസ്വിക്കിലാണ് ഏറ്റവും വലിയ നഷ്ടം രേഖപ്പെടുത്തിയത്. പ്രവിശ്യയിൽ വിളവിൻ്റെ 70 ശതമാനവും നശിച്ചതായി ബ്ലൂബെറി മാനേജർ ഡോണൾഡ് ആർസനോൾട്ട് പറഞ്ഞു. സാധാരണ 6.8 കോടി പൗണ്ട് വിളവ് ലഭിച്ചിരുന്ന സ്ഥാനത്ത് ഇത്തവണ 22 മുതൽ 2.4 കോടി പൗണ്ട് മാത്രമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നോവസ്കോഷയിൽ വിളവ് 55 ശതമാനവും പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ (പിഇഐ) 13 ശതമാനവും കുറഞ്ഞു.

ബ്ലൂബെറിക്ക് ഉയർന്ന ജലാംശം ആവശ്യമുള്ളതിനാൽ പ്രവിശ്യയിലുടനീളമുണ്ടായ നീണ്ട വരൾച്ച, ബെറി ചുരുങ്ങാനും വിളവ് കുറയാനും കാരണമായി. കൂടാതെ, ചൂട് വർധിച്ചതിനെ തുടർന്ന് ഒരാഴ്ചയോളം തീപ്പിടിത്ത ഭീഷണി കാരണം വിളവെടുപ്പ് നിർത്തിവെച്ചത് കർഷകർക്ക് വലിയ തിരിച്ചടിയായി. ഉത്പാദനച്ചെലവിനേക്കാൾ കുറഞ്ഞ വിലയാണ് വ്യാപാരികളിൽ നിന്ന് ലഭിക്കുന്നത് എന്നതിനാൽ, വിളവ് കുറഞ്ഞതോടെ പല കർഷകർക്കും ലാഭം നേടാൻ കഴിയാത്ത അവസ്ഥയാണ്. സാമ്പത്തിക സഹായത്തിനായി സർക്കാരിനെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് കർഷക സംഘടനകൾ.