ദുബായ്: തുടക്കം അത്ര മികച്ചതല്ലാതിരുന്നിട്ടും വിജയിക്കുംവരെ പൊരുതി ഇന്ത്യ. ഏഷ്യാ കപ്പ് കലാശക്കളിക്കൊടുക്കം ഇന്ത്യക്ക് കിരീടമുത്തം. ഇന്ത്യയുടെ ഒന്‍പതാം ഏഷ്യാകപ്പ് കിരീടമാണിത്. ടൂര്‍ണമെന്റിന്റെ 41 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഇരുരാജ്യങ്ങളും കലാശക്കളിയില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍, കിരീടസൗഭാഗ്യം പാക്കിസ്ഥാനെ കനിഞ്ഞില്ല. ടൂര്‍ണമെന്റില്‍ ഒരു തോല്‍വി പോലുമില്ലാതെയാണ് ഇന്ത്യ കിരീടനേട്ടം. പാക്കിസ്ഥാൻ തോറ്റ മൂന്നേ മൂന്ന് മത്സരങ്ങളാവട്ടെ, ഇന്ത്യയോടും.

തുടക്കം ഒന്നു പതറി, തകർച്ചയിൽനിന്ന് തിലകും സഞ്ജുവും ചേർന്ന് കരകയറ്റി, പിന്നീട് തിലകും ദുബെയും ചേർന്ന് വിജയത്തിലേക്ക് അടുപ്പിച്ചു, ഒടുക്കം റിങ്കു സിങ്ങിനെ കൂട്ടുപിടിച്ച് തിലക് വർമ തന്നെ ഇന്ത്യയെ കിരീടത്തിലേക്കു നയിച്ചു. പാക്കിസ്ഥാൻ ഉയർത്തിയ 147 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, 19.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തി ലക്ഷ്യം മറികടന്നു. അഞ്ച് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. അർധസെഞ്ചറി നേടിയ തിലക് വർമ (53 പന്തിൽ 69*), ശിവം ദുബെ (22 പന്തിൽ 33) , സഞ്ജു സാംസൺ (21 പന്തിൽ 24) എന്നിവരുടെ ബാറ്റിങ്ങാണ് ഇന്ത്യയ്ക്കു കരുത്തായത്.
മറുപടി ബാറ്റിങ്ങിൽ, പവർപ്ലേയിൽ തന്നെ ഇന്ത്യയ്ക്ക് മൂന്നു വിക്കറ്റുകൾ നഷ്ടമായിരുന്നു. ടൂർണമെന്റിലൂടനീളം ഉജ്വല ഫോമിലായിരുന്ന അഭിഷേക് ശർമ (5), ഇതുവരെ ഫോമിലെത്താത്ത ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (1), ഓപ്പണർ ശുഭ്മാൻ ഗിൽ (12) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് പവർപ്ലേയിൽ നഷ്ടമായത്. അഭിഷേക് ശർമയെയും ശുഭ്‌മാൻ ഗില്ലിനെയും ഫഹീം അഷ്‌റഫ് പുറത്താക്കിയപ്പോൾ ഷഹീൻ അഫ്രീദിക്കാണ് സൂര്യകുമാറിന്റെ വിക്കറ്റ്. പവർപ്ലേ അവസാനിച്ചപ്പോൾ 36/3 എന്ന നിലയിലായിരുന്നു ഇന്ത്യ.

തിലക് വർമയും സഞ്ജുവും ചേർന്നു നടത്തിയ രക്ഷാപ്രവർത്തനമാണ് വലിയ തകർച്ചയിൽനിന്ന് ഇന്ത്യയെ രക്ഷിച്ചത്. നാലാം വിക്കറ്റിൽ ഒന്നിച്ച ഇരുവരും ചേർന്ന് 57 റൺസ് സ്കോർബോർഡിൽ കൂട്ടിച്ചേർത്തു. ഒരറ്റത്ത് സഞ്ജു നിലയുറപ്പിക്കാൻ ശ്രമിച്ചപ്പോൾ, തിലക് ഒരു സിക്സും രണ്ടു ഫോറുമാണ് സഞ്ജുവിന്റെ ബാറ്റിൽനിന്നു പിറന്നത്. 13–ാം ഓവറിൽ അബ്രാർ അഹമ്മദാണ് സഞ്ജുവിനെ വീഴ്ത്തിയത്. നേരത്തെ, അബ്രാം തന്നെ എറിഞ്ഞ എട്ടാം ഓവറിൽ 12 റൺസുമായി നിന്ന സഞ്ജുവിനെ പാക്ക് ഫീൽഡർ ഹുസൈൻ തലാത് ഡ്രോപ് ചെയ്തിരുന്നു. പിന്നാലെയെത്തിയ ശിവം ദുബെ, തിലകയ്ക്ക് മികച്ച പിന്തുണ നൽകിയതോടെ ഇന്ത്യ വിജയത്തിലേക്ക് അടുത്തു.