ടൊറൻ്റോ : അടുത്ത വർഷം നടക്കുന്ന മേയർ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സിറ്റി കൗൺസിലർ ബ്രാഡ് ബ്രാഡ്‌ഫോർഡ് പ്രഖ്യാപിച്ചു. ഈസ്റ്റ് യോർക്കിലെ ബീച്ചസ് സിറ്റി കൗൺസിലറായ ബ്രാഡ്‌ഫോർഡ് ചൊവ്വാഴ്ച ഒരു യൂട്യൂബ് അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ അടുത്ത വർഷത്തെ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ആദ്യ മത്സരാർത്ഥിയായി അദ്ദേഹം മാറി. 2026 ഒക്ടോബർ 26 നാണ് മുനിസിപ്പൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. മുൻ മേയർ ജോൺ ടോറി സ്ഥാനമൊഴിഞ്ഞതിന് പകരക്കാരനായി 2023-ലെ ഉപതിരഞ്ഞെടുപ്പിൽ ബ്രാഡ് ബ്രാഡ്‌ഫോർഡ് മത്സരിച്ചെങ്കിലും പതിനായിരത്തിൽ താഴെ വോട്ടുകൾ നേടി എട്ടാം സ്ഥാനത്തായി.

ഈ വർഷം ആദ്യം ലൈസൺ സ്ട്രാറ്റജീസ് നടത്തിയ സർവേ പ്രകാരം, നിലവിലെ മേയർ ഒലിവിയ ചൗ തന്‍റെ സീറ്റ് നിലനിർത്തുമെന്ന് കണ്ടെത്തി. സർവേയിൽ പങ്കെടുത്തവരിൽ 39% പേർ ഒലിവിയ ചൗവിനെ അനുകൂലിച്ചു. ചൗവിനും ടോറിക്കും പിന്നിൽ മൂന്നാം സ്ഥാനത്താണ് ബ്രാഡ്ഫോർഡിന്‍റെ സ്ഥാനമെന്നും സർവേ കണക്കുകൾ സൂചിപ്പിക്കുന്നു.