ന്യൂഡൽഹി : വിദേശ യാത്രക്കാർക്കായി പേപ്പർ ഫോമിന് പകരം പുതിയ ‘ഇ-അറൈവൽ കാർഡ്’ സംവിധാനം നടപ്പിലാക്കി ഇന്ത്യൻ സർക്കാർ. ഇന്ന് മുതൽ (ഒക്ടോബർ 1) ഡിജിറ്റൽ ഡിസെംബാർക്കേഷൻ (DE) കാർഡ് നിലവിൽ വന്നു. വിമാനത്താവളങ്ങളിലെ ഇമിഗ്രേഷൻ കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കാനും നടപടിക്രമങ്ങൾ വേഗത്തിലാക്കാനുമാണ് ഈ മാറ്റം. ഇതോടെ മറ്റ് പല രാജ്യങ്ങളെയും പോലെ ഇന്ത്യയിലും യാത്രക്കാരുടെ വിവരശേഖരണം പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറും.

ഡിജിറ്റൽ ഡിസെംബാർക്കേഷൻ (DE) കാർഡ് എന്നത് എല്ലാ വിദേശ യാത്രക്കാരും (ഇന്ത്യക്കാർ അല്ലാത്തവർ) ഇന്ത്യയിലേക്ക് വരുന്നതിനുമുമ്പ് പൂരിപ്പിക്കേണ്ട ഒരു ഓൺലൈൻ അറൈവൽ ഫോമാണ്. വിമാനത്തിനുള്ളിൽ അല്ലെങ്കിൽ വിമാനത്താവളത്തിൽ മുമ്പ് പൂരിപ്പിക്കാറുണ്ടായിരുന്ന ഫിസിക്കൽ ഡിസെംബാർക്കേഷൻ ഫോമിന് പകരമാണിത്. OCI കാർഡ് ഉടമകൾ, വിനോദസഞ്ചാരികൾ, ബിസിനസ്സ് സന്ദർശകർ, മെഡിക്കൽ യാത്രക്കാർ എന്നിവരടക്കമുള്ള ഇന്ത്യയിൽ എത്തുന്ന എല്ലാ വിദേശ യാത്രക്കാരും ഈ ഓൺലൈൻ അറൈവൽ ഫോം പൂരിപ്പിക്കണം.

യാത്രക്കാർ ഇന്ത്യയിലേക്ക് വരുന്നതിന് 72 മണിക്കൂറിനുള്ളിൽ ഔദ്യോഗിക വെബ്സൈറ്റ് ആയ indianvisaonline.gov.in/earrival വഴിയോ മൊബൈൽ ആപ്പ് ആയ ഇന്ത്യൻ വീസ സുസ്വാഗതം (Indian Visa Suswagatam) വഴിയോ ഈ ഫോം പൂരിപ്പിക്കണം. പേര്, പാസ്‌പോർട്ട് നമ്പർ, വീസ അല്ലെങ്കിൽ ഇ-വീസ, യാത്രാവിവരങ്ങൾ, ഇന്ത്യയിലെ വിലാസം (ഹോട്ടൽ, ആശുപത്രി അല്ലെങ്കിൽ ഹോസ്റ്റ് വിലാസം) തുടങ്ങിയ വിവരങ്ങളും നൽകണമെന്ന് ഇന്ത്യൻ സർക്കാർ പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു.