ഓട്ടവ : കനേഡിയൻ പൗരന്മാർ രാജ്യത്ത് ശക്തമായ കുടിയേറ്റ നിയന്ത്രണം ആവശ്യമെന്ന നിലപാട് സ്വീകരിക്കുന്നതായി പുതിയ സർവേ. പുതിയ കുടിയേറ്റക്കാരെ രാജ്യത്തിന് ആവശ്യമില്ലെന്ന് സർവേയിൽ പങ്കെടുത്ത 60% പേരും വെളിപ്പെടുത്തിയതായും ലെഗർ സർവേ റിപ്പോർട്ട് ചെയ്തു. പുതുതായി രാജ്യത്തേക്ക് വരുന്നവർ അവരുടെ പാരമ്പര്യങ്ങൾ ഉപേക്ഷിക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ ആളുകൾക്ക് ഭിന്നാഭിപ്രായമാണ് ഉള്ളതെന്നും സർവേ വ്യക്തമാക്കുന്നു. പുതിയ കുടിയേറ്റക്കാരെ സ്വീകരിക്കുന്നതിൽ ആൽബർട്ട (65%), ഒൻ്റാരിയോ (63%), കെബെക്ക് (61%) എന്നീ പ്രവിശ്യകളിലാണ് ഏറ്റവും ശക്തമായ എതിർപ്പ് ഉയരുന്നത്. മാനിറ്റോബ, സസ്കാച്വാൻ, അറ്റ്ലാൻ്റിക് പ്രവിശ്യകൾ (56%), ബ്രിട്ടിഷ് കൊളംബിയ (48%) എന്നിവിടങ്ങളിലുള്ളവരും സമാനചിന്താഗതി പങ്കുവെച്ചതായി സർവേ പറയുന്നു.

എന്നാൽ, സർവേയിൽ പങ്കെടുത്ത കാനഡയിൽ നിലവിലുള്ള കുടിയേറ്റക്കാർ, പുതിയ കുടിയേറ്റക്കാരെ സ്വാഗതം ചെയ്യാൻ തയ്യാറാണെന്ന് വെളിപ്പെടുത്തിയതായി സർവേ കണ്ടെത്തി. ഏകദേശം 52% കുടിയേറ്റക്കാർ കാനഡയ്ക്ക് കൂടുതൽ കുടിയേറ്റക്കാരെ ആവശ്യമാണെന്ന് പറഞ്ഞു. അതേസമയം കുടിയേറ്റക്കാരല്ലാത്തവരിൽ 37% പേർ മാത്രമാണ് ഇക്കാര്യം സമ്മതിച്ചത്.