ഷാർലെറ്റ്ടൗൺ : പ്രിൻസ് എഡ്വേഡ് ഐലൻഡിന്‍റെ വടക്കൻ തീരത്ത് മണൽത്തിട്ടയിൽ കുടുങ്ങി മൂന്ന് സ്പേം തിമിംഗലങ്ങൾ ചത്തു. ശനിയാഴ്ച വൈകുന്നേരം ഈസ്റ്റ് ബൈഡ്‌ഫോർഡിലെ ഹാർഡീസ് ചാനലിനടുത്തുള്ള ഒരു ചെറിയ ദ്വീപിലാണ് തിമിംഗലങ്ങൾ കരയ്ക്ക് അടിഞ്ഞത്. മനുഷ്യർക്ക് രക്ഷപ്പെടുത്താൻ സഹായിക്കാത്തത്ര വലുതായിരുന്നു തിമിംഗലങ്ങളെന്ന് മറൈൻ അനിമൽ റെസ്‌പോൺസ് സൊസൈറ്റിയുടെ (MARS) എക്സിക്യൂട്ടീവ് ഡയറക്ടർ ടോണിയ വിമ്മർ അറിയിച്ചു. ഇവയ്ക്ക് 33 മുതൽ 38 അടി വരെ നീളവും ഏകദേശം 15 മുതൽ 20 ടൺ വരെ ഭാരവുമുണ്ട്. ആഴക്കടലിൽ മാത്രം കണ്ടുവരുന്ന സ്പേം തിമിംഗലങ്ങൾ തീരത്തോട് വളരെ അടുത്ത് അപൂർവമായി മാത്രമേ കാണാറുള്ളൂ.

തിമിംഗലങ്ങളെ മറവ് ചെയ്യുന്നതിനും മറ്റുമായി കനേഡിയൻ വൈൽഡ്‌ലൈഫ് ഹെൽത്ത് കോഓപ്പറേറ്റീവ്, അറ്റ്ലാൻ്റിക് റീജിയൻ, പാർക്സ് കാനഡ, ലെനോക്സ് ഐലൻഡ് നേച്ചർ റിസർവ് എന്നിവിടങ്ങളിലെ സഹപ്രവർത്തകരുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് ടോണിയ വിമ്മർ പറഞ്ഞു.