ലണ്ടൻ : യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്‍റെ തീരുവയ്ക്ക് പിന്നാലെ യൂറോപ്യൻ രാജ്യങ്ങളും സ്റ്റീലിനും ഇരുമ്പ് ഉത്പന്നങ്ങൾക്കും തീരുവ വർധിപ്പിക്കാൻ ഒരുങ്ങുന്നു. സ്റ്റീൽ ഇറക്കുമതി തീരുവ 50 ശതമാനമായി ഉയർത്തിയേക്കുമെന്നാണ് സൂചന. യൂറോപ്യൻ കമ്മീഷൻ ഇതു സംബന്ധിച്ച് അടുത്ത ആഴ്ച തീരുമാനമെടുക്കും. ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് സ്റ്റീൽ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ വൻതോതിൽ ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തിലാണ് ഇറക്കുമതി ചുങ്കം വർധിപ്പിക്കുന്നതിലേക്ക് യൂറോപ്പ്യൻ യൂണിയൻ രാജ്യങ്ങൾ ചർച്ച ആരംഭിച്ചത്. ആഭ്യന്തര സ്റ്റീൽ ഉത്പാദകരെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്ന് യൂറോപ്യൻ യൂണിയൻ ഇൻഡസ്ട്രി ചീഫ് സ്റ്റീഫൻ സെജോൺ പറഞ്ഞു.

ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള നിന്നുള്ള ഇറക്കുമതിക്ക് കടിഞ്ഞാണിടുകയാണ് ലക്ഷ്യം. താരിഫ് വർധന നടപ്പിൽ വന്നാൽ നിശ്ചിത ക്വാട്ടയിൽ കൂടുതൽ ഇറക്കുമതി ചെയ്താൽ ഉയർന്ന താരിഫ് നൽകേണ്ട സ്ഥിതിയുണ്ടാകും. ഈ ആശയമാണ് യൂറോപ്യൻ രാജ്യങ്ങളുടെ പരിഗണനയിൽ ഉള്ളത്.