ഓട്ടവ : ഡേലൈറ്റ് സേവിങ് സമയമാറ്റം “കാലഹരണപ്പെട്ട സമ്പ്രദായം” അവസാനിപ്പിക്കണമെന്ന് ലിബറൽ പാർലമെൻ്റ് അംഗം മേരി-ഫ്രാൻസ് ലാലോണ്ടെ. ചില കനേഡിയൻ പ്രവിശ്യകൾ, യുണൈറ്റഡ് സ്റ്റേറ്റ്സ്, യൂറോപ്യൻ യൂണിയൻ എന്നിവ ഈ വിഷയം പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് ലാലോണ്ടെ പറയുന്നു. ആൽബർട്ട, ബ്രിട്ടിഷ് കൊളംബിയ, ഒൻ്റാരിയോ പ്രവിശ്യകൾ നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ സമ്പ്രദായം ഉപേക്ഷിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മേരി-ഫ്രാൻസ് ചൂണ്ടിക്കാട്ടുന്നു.

വർധിച്ചു വരുന്ന വാഹനാപകടങ്ങൾ, ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയ വാർഷിക സമയ മാറ്റത്തിന്‍റെ പ്രതികൂല ഫലങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇത് അവസാനിപ്പിക്കാൻ അടുത്ത ആഴ്ച ഒരു സ്വകാര്യബിൽ അവതരിപ്പിക്കുമെന്നും ഓർലിയൻസ് റൈഡിങ് എംപിയായ മേരി-ഫ്രാൻസ് പറഞ്ഞു. പ്രവിശ്യാ, പ്രാദേശിക ഉദ്യോഗസ്ഥരുമായും തദ്ദേശീയ നേതാക്കളുമായും ആദ്യം ഒരു പാൻ-കനേഡിയൻ സമ്മേളനം നടത്താൻ ഫെഡറൽ സർക്കാരിനോട് ആവശ്യപ്പെടുമെന്നും അവർ പറയുന്നു.

2024 മാർച്ച് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച പുലർച്ചെ രണ്ടു മണിക്ക് മുന്നോട്ട് നീങ്ങിയ കാനഡയിലെ ക്ലോക്കുകൾ 2025 നവംബർ 2 ഞായറാഴ്ച പുലർച്ചെ രണ്ടിന് ഒരു മണിക്കൂർ പിന്നിലേക്ക് മാറും. ഇതോടെ മാർച്ച് 9 ഞായറാഴ്ച ആരംഭിച്ച ഡേലൈറ്റ് സേവിങ് സമയമാറ്റം സാധാരണ നിലയിലേക്ക് എത്തും. ഇനി 2026 മാർച്ച് 8-നായിരിക്കും ഘടികാരങ്ങൾ വീണ്ടും മുന്നോട്ട് നീക്കുക.