ഓട്ടവ : ഉയരുന്ന സാമ്പത്തിക സമ്മർദ്ദങ്ങൾക്കിടയിൽ ആയിരക്കണക്കിന് തൊഴിലാളികൾക്ക് ആശ്വാസമായി മിനിമം വേതനം വർധിപ്പിച്ച് അഞ്ച് കനേഡിയൻ പ്രവിശ്യകൾ. ഒൻ്റാരിയോ, മാനിറ്റോബ, സസ്‌കച്വാന്‍, നോവസ്കോഷ, പ്രിൻസ് എഡ്വേർഡ് ഐലൻഡ് എന്നിവിടങ്ങളിലാണ് വർധന ബാധകമാവുക. ഉപഭോക്തൃ വില സൂചികയിൽ ഉണ്ടായിരിക്കുന്ന വർധനയ്ക്ക് ആനുപാതികമായാണ് മിനിമം വേതനവും കൂട്ടിയിരിക്കുന്നത്.

ഒൻ്റാരിയോയിലെ മിനിമം വേതനം ഇപ്പോൾ മണിക്കൂറിന് 17.60 ഡോളറാണ്. നോവസ്കോഷയിലും പ്രിൻസ് എഡ്വേർഡ് ഐലൻഡിലും മണിക്കൂറിന് 16.50 ഡോളറും, മാനിറ്റോബയിൽ മണിക്കൂറിന് 16 ഡോളറും സസ്‌കച്വാനിൽ മണിക്കൂറിന്15.35 ഡോളറുമാണ്. ആൽബെർട്ട മാത്രമാണ് മിനിമം വേതനം വർധിപ്പിക്കാത്ത ഏക പ്രവിശ്യ. മണിക്കൂറിന്15 ഡോളറാണ് ആൽബർട്ടയിലെ നിരക്ക്. ഇത് കാനഡയിലെ ഏറ്റവും താഴ്ന്ന നിരക്കാണ്. ബ്രിട്ടിഷ് കൊളംബിയ, കെബെക്ക്, ന്യൂബ്രൺസ്‌വിക്ക്, ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ എന്നി പ്രവിശ്യകൾ ഈ വർഷം ആദ്യം അവരുടെ മിനിമം വേതനത്തിൽ വർധന വരുത്തിയിരുന്നു.