മൺട്രിയോൾ : കെബെക്കിലെ നിർദിഷ്ട ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ് (LNG) കയറ്റുമതി കേന്ദ്രം രാജ്യത്തിന്റെ താൽപ്പര്യത്തിന് അനുസരിച്ചുള്ള പദ്ധതിയല്ലെന്ന് ഫെഡറൽ ഊർജ്ജ മന്ത്രി ടിം ഹോഡ്ജ്‌സൺ. പദ്ധതി ദേശീയ തലത്തിൽ പരിശോധിക്കേണ്ടത്ര വലുപ്പത്തിലുള്ളതല്ലെന്നും മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ബാറ്ററി ഉൽപാദന ശേഷി വർധിപ്പിക്കാൻ 2.2 കോടി ഡോളർ നിക്ഷേപം പ്രഖ്യാപിക്കുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം. ബാഈ-കോമോ (Baie-Comeau), കെബെക്ക് എന്നിവിടങ്ങളിൽ പ്രകൃതിവാതക പൈപ്പ്ലൈനും കയറ്റുമതി കേന്ദ്രവും സ്ഥാപിക്കുന്നതിനായി നോർവീജിയൻ ഊർജ്ജ കമ്പനിയുടെ ഉപസ്ഥാപനമായ മാരിൻവെസ്റ്റ് എനർജി കാനഡ (Marinvest Energy Canada) സമീപ മാസങ്ങളിൽ ഫെഡറൽ ഊർജ്ജ വകുപ്പുമായി ചർച്ചകൾ നടത്തിയിരുന്നു.

പ്രധാന പദ്ധതികൾക്ക് അതിവേഗം അംഗീകാരം നൽകാനുള്ള നിയമനിർമ്മാണത്തിന് ലിബറൽ സർക്കാർ ഒരുങ്ങുന്നതിനിടെയാണ് കമ്പനി ശ്രമം നടത്തിയത്. “മാരിൻവെസ്റ്റ് വീണ്ടും സമീപിക്കുകയാണെങ്കിൽ, മറ്റ് പദ്ധതികളെപ്പോലെ ഇത് പരിഗണിക്കാം,” മന്ത്രി പറഞ്ഞു. എന്നാൽ, ഈ പദ്ധതിക്ക് കെബെക്ക് സർക്കാരിന്റെയും ഫസ്റ്റ് നേഷൻ കമ്മ്യൂണിറ്റികളുടെയും പിന്തുണ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ സമാനമായ ഒരു ഫോസിൽ ഇന്ധന പദ്ധതിയെ കെബെക്ക് സർക്കാർ 2021-ൽ തള്ളിയിരുന്നു. ട്രംപ് ഭരണകൂടം കെബെക്കിൻ്റെ സമ്പദ്‌വ്യവസ്ഥയെ തടസ്സപ്പെടുത്തിയ പശ്ചാത്തലത്തിൽ, ദേശീയ താൽപ്പര്യമുള്ള പദ്ധതികളെ പ്രവിശ്യാ സർക്കാർ വസ്തുനിഷ്ഠമായി പരിശോധിക്കുമെന്ന് മന്ത്രി ക്രിസ്റ്റിൻ ഫ്രെച്ചെറ്റിന്റെ ഓഫീസ് അറിയിച്ചു.