മൺട്രിയോൾ : നഗരത്തിൽ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് ലോങ്‌യുയിൽ പൊലീസ് (SPAL). മൺട്രിയോൾ സൗത്ത് ഷോറിലെ ലോങ്‌യുയിലിലെ ഒരു വീടിന്‍റെ വാതിൽപ്പടിയിലാണ് 34 ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെ ബൂർഗോയ്‌സ് സ്ട്രീറ്റിലെ ഒരു വീടിന് പുറത്ത് നവജാതശിശുവിനെ കണ്ടെത്തിയതായി വിവരം ലഭിച്ചുവെന്ന് അധികൃതർ പറയുന്നു.

പൊലീസും പാരാമെഡിക്കുകളും കുഞ്ഞിന് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ലോങ്‌യുയിൽ പൊലീസ് വക്താവ് ജാക്വലിൻ പിയറി അറിയിച്ചു. കുഞ്ഞിനെ ഉപേക്ഷിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല, ജാക്വലിൻ പറഞ്ഞു. ക്രിമിനൽ കോഡ് പ്രകാരം, കുട്ടികളെ ഉപേക്ഷിക്കൽ സംഭവങ്ങളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തുന്ന വ്യക്തിക്ക് അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കാം. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങളോ ചിത്രങ്ങളോ കൈവശമുള്ളവർ 450-646-8500 എന്ന നമ്പറിൽ ഇൻഫോ-അസിമുട്ട് ഹോട്ട്‌ലൈൻ വഴിയോ, ഓൺലൈൻ ഫോം വഴിയോ 911 എന്ന നമ്പറിൽ വിളിച്ചോ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് അവർ അഭ്യർത്ഥിച്ചു.