കൊച്ചി: ഭൂട്ടാന്‍ വാഹനക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ വീട്ടില്‍ എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയ്ഡ്. ദുല്‍ഖറിന്റെയും മമ്മൂട്ടിയുടെയും വീടുകൾ അടക്കം 17 ഇടങ്ങളിലാണ് ഇഡി പരിശോധന നടത്തുന്നത്. ഭൂട്ടാനില്‍ നിന്ന് ഇന്ത്യയിലെത്തിയ വാഹനങ്ങള്‍ കണ്ടെത്തുന്നതിനായി കസ്റ്റംസ് നടത്തിയ ഓപ്പറേഷന്‍ നുംഖോറിന് പിന്നാലെയാണ് ഇപ്പോള്‍ ഇഡി പരിശോധനയ്ക്ക് എത്തിയിരിക്കുന്നത്.

ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത ദുല്‍ഖര്‍ സല്‍മാന്റെ വാഹനങ്ങള്‍ വിട്ടുനല്‍കണമെന്ന് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. വാഹനം വിട്ടുനല്‍കണമെന്ന നടന്റെ ആവശ്യത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. വ്യക്തികള്‍ക്കെതിരേ തെളിവുകള്‍ ഇല്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ലെന്നും കസ്റ്റംസിനോട് ഹൈക്കോടതി പറഞ്ഞു.